സ്വന്തം ലേഖകൻ: സിറിയയിലെ കുട്ടികള്‍ നേരിടുന്ന അക്രമങ്ങളെ തുറന്നുകാണിച്ച് യുഎന്നിന്റെ റിപ്പോര്‍ട്ട്. ഒന്‍പതു വയസുകാരിയടക്കം ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗിക അടിമകളാക്കപ്പെടുകയും ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് സിറിയയിലുള്ളത്. സൈനിക പരിശീലനം നേടാന്‍ ആണ്‍കുട്ടികള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു. പൊതുജനമധ്യത്തില്‍ വച്ച് കൊലപാതകങ്ങള്‍ നടത്താന്‍ ഇവര്‍ നിബന്ധിതരാവുന്നു.
പ്രത്യേക പരിശീലനം കിട്ടിയ സ്നൈപ്പര്‍മാര്‍ കുട്ടികളെ തെരഞ്ഞു പിടിച്ച് വെടിവയ്ക്കുന്നു. തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നു. തുടങ്ങിയ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ആഭ്യന്തര കലാപങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യുഎന്‍ നടത്തിയിരിക്കുന്നത്.
2011ല്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ക്കിടയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന് ഓഫ് എന്‍ക്വയറി ഫോര്‍ സിറിയയാണ് പഠന റിപ്പോര്‍ട്ട് യുഎന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തെ പോരാട്ടങ്ങള്‍ക്കിടയില്‍ സിറിയയിലെ കുട്ടികള്‍ നേരിട്ടത് സമാനതകളില്ലാത്ത ഭീകരതയാണെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.
മര്‍ദ്ദിക്കപ്പെട്ടും, പട്ടിണി കിടന്നും, പൊള്ളലേല്‍ക്കപ്പെട്ടും, കൊല്ലപ്പെട്ടും, അനാഥരാക്കപ്പെട്ടും ആ കുട്ടികള്‍ ഒരുപാട് സഹിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്‍പത് ലക്ഷത്തോളം കുട്ടികളാണ് സിറിയയുടെ പല ഭാഗങ്ങളിലായി പാലായനം ചെയ്യേണ്ടി വന്നത്. പലര്‍ക്കും കുടുംബവുമായുള്ള ബന്ധങ്ങള്‍ നഷ്ടമായി. അവരുടെ ബാല്യം മുഴുവന്‍ കവര്‍ന്നെടുത്തെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല