സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): ലോക പ്രവാസി മലയാളികൾക്ക് പുത്തൻ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവർഷ പതിപ്പും ശ്രദ്ധേയമാകുന്നു.
രാജ്യം ഏതു കക്ഷികൾ ഭരിച്ചാലും, ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന അടിത്തറയിൽ നിന്ന് വേണം രാജ്യം മുന്നോട്ട് പോകാൻ എന്ന് കൃത്യമായി പറഞ്ഞു വക്കുന്നു, തന്റെ പത്രാധിപ കുറിപ്പിലൂടെ ചീഫ് എഡിറ്റർ റജി നന്തികാട്ട്. അടിസ്ഥാന സങ്കൽപ്പങ്ങളിൽ തകിടം മറിച്ചിലുകൾ ഉണ്ടായാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി രാജ്യം ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
സുധീഷ് കോട്ടേമ്പ്രം എഴുതിയ ” ഗാന്ധി ഭാവനയും കലയും ” എന്ന ലേഖനത്തിൽ ബുദ്ധൻ കഴിഞ്ഞാൽ മുഖ്യധാര കലയിലും ജനപ്രിയ കലയിലും ഏറ്റവും കൂടുതൽ ആവിഷ്കരിക്കപ്പെട്ട ഗാന്ധിയെക്കുറിച്ചു വളരെ സുന്ദരമായി, ഈ നിലക്കാത്ത ഗാന്ധി ഭാവനയുടെ കാരണങ്ങളെക്കുറിച്ചു വിവരിക്കുന്നു. സുന്ദരമായ ആഖ്യാനശൈലിയിലൂടെ വായനക്കാരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന പംക്തി “സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ ” കേരളം വിട്ട് ജോലി അന്വേഷിച്ചു ബോംബയ്ക്ക് നടത്തിയ ആദ്യ മറുനാടൻ യാത്രയിൽ പ്രഷുബ്ധമായ തന്റെ മാനസീക അവസ്ഥ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ലേഖകൻ ജോർജ്ജ് അറങ്ങാശ്ശേരി.
കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യകാല ദിനപത്രങ്ങളിൽ ഒന്നായ ” കേരള മിത്ര ” ത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ആർ ഗോപാലകൃഷ്ണൻ എഴുതിയ ” കേരള മിത്രം ” എന്ന ലേഖനം വളരെ അറിവുകൾ നൽകുന്നതാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് രസകരമായ വായനാനുഭവം പ്രധാനം ചെയ്യുന്നതാണ് ജോയി സക്കറിയ എഴുതിയ ” ഏഴു സുന്ദരികളിൽ അഞ്ചു സുന്ദരികളെ കാണാൻ പോയ കഥ ” എന്ന യാത്രാനുഭവങ്ങൾ.
സിനിമാസംബന്ധിയായ എഴുത്തുകളിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരൻ രവി മേനോൻ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് തന്റെ സംഗീത യാത്രയിൽ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ ആരായിരുന്നു എന്ന് മനോഹരമായി കുറിച്ചിരിക്കുന്നു “എല്ലാവരും ഒരിക്കൽ പിരിയേണ്ടവരല്ലേ ” എന്ന ലേഖനത്തിൽ. വി പ്രദീപ് കുമാറിന്റെ ജീവിതാനുഭങ്ങളിൽ ചാലിച്ച, “മാനുഷീക സന്ദേശങ്ങൾക്ക് ശക്തി പകരാം” എന്ന ഹൃദയത്തിൽ തൊട്ടുള്ള രചന വളരെയേറെ കാലികമായ ഒന്നാണ്.
പ്രീത സുധിർ എഴുതിയ ” ഇങ്ങനെയും ഒരമ്മ”, സോണി മാത്യുവിന്റെ “സാലി നീ എവിടെയാണ്”, യുകെ മലയാളി ഷൈമ മാത്യു എഴുതിയ “രാത്രിയിലെ കെടാവിളക്ക്” എന്നീ കഥകളും രാജു കാഞ്ഞിരങ്ങാട് എഴുതിയ ” കിണർ”, സലിൽ രചിച്ച “2020 “, മനോജ് കാലടിയുടെ ” യാത്രാമൊഴി ” എന്നീ കവിതകളും ജ്വാല ഇ മാഗസിന്റെ പുതു വർഷത്തിന്റെ ആദ്യ ലക്കത്തെ സമ്പന്നമാക്കുന്നു. പതിവുപോലെ ചിത്രകാരൻ റോയി സി ജെ വരച്ച ചിത്രങ്ങൾ കഥകൾക്ക് കൂടുതൽ മനോഹാരിത നൽകുന്നു.
ജ്വാലയുടെ അവസാന പുറത്തിൽ, ഇന്ത്യൻ ആധുനിക രാഷ്ട്രീയാവസ്ഥയെ വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു റോയി സി ജെ തന്റെ കാർട്ടൂൺ പംക്തിയായ “വിദേശവിചാര”ത്തിൽ. ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം വായിക്കാനുള്ള ലിങ്ക് താഴെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല