സ്വന്തം ലേഖകൻ: വിവാദമായ കൂടത്തായ് കൂട്ടകൊലപാതകം അടിസ്ഥാനമാക്കി ഫ്ളവേഴ്സ് ചാനല്‍ ആരംഭിച്ച കൂടത്തായ് സീരിയലിന് ഹൈക്കോടതിയുടെ സ്റ്റേ. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ. കേസിലെ മുഖ്യ സാക്ഷിയും പൊന്നാമറ്റം വീടിന്റെ അയല്‍വാസിയുമായ മുഹമ്മദ് ബാബയുടെ വാദം അംഗീകരിച്ചാണ് നടപടി.
കേസന്വേഷണം പൂര്‍ത്തിയാവുകയോ വിചാരണ നടക്കുകയോ ചെയ്യുന്നതിന് മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്താല്‍ കേസിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ഇപ്പോള്‍ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്ന സീരിയലുള്‍പ്പെടെ നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
കൂടത്തായി കൊലപാതക പരമ്പര വിഷയമാക്കി സ്വകാര്യ ചാനല്‍ പ്രക്ഷേപണം ആരംഭിച്ചിട്ടുള്ള സീരിയല്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഇത് കേസിലെ സാക്ഷികളേയും പൊതുജനങ്ങളേയും ആശയക്കുഴപ്പത്തിലാക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സാക്ഷികളെപ്പോലും കുറ്റവാളികളെപ്പോലെയാണ് അവതരിപ്പിക്കുന്നത്.മുഖ്യപ്രതി ജോളിയുടെയും കൊല്ലപ്പെട്ട റോയ് തോമസിന്റെയും മക്കള്‍ മാനസികസമ്മര്‍ദ്ദത്തിലാണെന്നും കച്ചവട താല്പര്യത്തിന് വേണ്ടി സിനിമ നിര്‍മ്മിക്കുമ്പോള്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു.
യഥാര്‍ത്ഥമല്ലാത്ത കാര്യങ്ങള്‍ അവതരിപ്പിച്ച് സാക്ഷികളെ അവഹേളിക്കുകയും കുറ്റവാളികളാക്കുകയുംചെയ്യുന്നെന്നും കോടതിയെപ്പോലും ആശയക്കുഴപ്പത്തിലാക്കുന്നെന്നും ഹരജിയില്‍ ആരോപിക്കുന്നു. രണ്ട് കേസില്‍ മാത്രമാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഒന്നില്‍ 250 ഉം രണ്ടാമത്തേതില്‍ 167 സാക്ഷികളുമാണ് ഉള്ളത്. നിലവിലെ സാഹചര്യത്തില്‍ ചലച്ചിത്ര പരമ്പരകള്‍ സംപ്രേഷണം ചെയ്യുന്നത് കേസിനെ തകര്‍ക്കുമെന്നും കുറ്റവാളികളെ രക്ഷപ്പെടുത്തുമെന്നും ഹരജിയില്‍ പറയുന്നു.
കോഴിക്കോട് കൂടത്തായിയില്‍ നടന്ന കൊലപാതക പരമ്പരയെ ആസ്പദമാക്കി സംവിധായകന് ഗിരീഷ് കോന്നിയാണ് ഫ്ളവേര്‍സ് ടി.വിക്കായി കൂടത്തായി പരമ്പര ഒരുക്കുന്നത്. നടി മുക്തയാണ് കേസിലെ മുഖ്യപ്രതി ജോളിയെ അവതരിപ്പിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമകളും സീരിയലുകളുടെയും നിര്‍മാണങ്ങള്‍ക്ക് സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ മക്കള്‍ നല്കിയ ഹരജി കോടതി അംഗീകരിച്ചിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല