ഡര്‍ബന്‍: എയ്ഡ്‌സ് രോഗം വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രചാരണങ്ങളുടെ ഭാഗമായി സിംബാബ്‌വെ പാര്‍ലമെന്റിലെ അംഗങ്ങള്‍ പരിച്ഛേദന ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നു.പാര്‍ലമെന്റിലെ എല്‌ളാ പുരുഷ എം.പിമാരും പ്രാദേശിക ഭരണസമിതികളിലെ കൗണ്‍സിലര്‍മാരും ശസ്ത്രക്രിയ നടത്തും. പരിഛേദനം നടത്തിയവര്‍ക്ക് എയ്ഡ്‌സ് വരാനുള്ള സാധ്യത കുറയുമെന്നു ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
ദക്ഷിണ, പൂര്‍വ ആഫ്രിക്കയിലെ 13 രാജ്യങ്ങളിലെ 49 വയസില്‍ താഴെയുള്ള 3.8 കോടി പുരുഷന്മാരെ പരിഛേദന ശസ്ത്രക്രിയയ്ക്കു വിധേയരാക്കാനുള്ള 250 കോടി ഡോളറിന്റെ പദ്ധതിയില്‍ സിംബാബ്‌വെയും പങ്കുചേരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ജനങ്ങള്‍ക്ക് പ്രചോദനമാവുകയെന്ന നിലയില്‍ എം.പിമാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നത്.
പരിച്ഛേദനവും എയ്ഡ്‌സ് രോഗബാധയും സംബന്ധിച്ച വിഷയത്തില്‍ ഇവിടെ 2005മുതല്‍ ഗൗരവതരങ്ങളായ പഠനങ്ങള്‍ നടക്കുന്നുണ്ട്. പരിച്ഛേദനം ചെയ്ത പുരുഷന് മറ്റുള്ളവരെ അപേക്ഷിച്ച് എച്ച്.ഐ.വി ബാധയുണ്ടാകുന്ന സാധ്യത എട്ടുമടങ്ങോളം കുറവാണെന്നാണ് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയിലെ എയ്ഡ്‌സ് ബാധിതരില്‍ അറുപത് ശതമാനം പേര്‍ക്കും സ്വവര്‍ഗരതിലിയിലൂടെയാണ് എയ്ഡ്‌സ് പകരുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സിംബാബ്‌വെയില്‍ മാത്രമാണ് എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാനുള്ള പ്രചാരണപരിപാടികള്‍ മികച്ച വിജയം കാണുന്നത്. ഇവിടെ 1997-2007 കാലഘട്ടത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം 29 ശതമാനത്തില്‍ നിന്നും 16 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ തയ്യാറാവുന്നത്..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല