ലണ്ടന്‍: യുക്മ ആദരസന്ധ്യ 2020 പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്കാരത്തിന് യുകെ മലയാളി സമൂഹത്തിലെ പ്രശസ്തനായ കുടിയേറ്റ നിയമവിദഗ്ധന് സോളിസിറ്റര്‍ പോള്‍ ജോണ്‍ അര്‍ഹനായി. ബ്രിട്ടനിലെ ഇമിഗ്രേഷന്‍ നിയമ രംഗത്തെ ദീര്‍ഘകാല സേവനത്തിലെ പ്രാഗദ്ഭ്യം പരിഗണിച്ചാണ് പുരസ്കാരം. യുകെ മലയാളികള്‍ ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപന ങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.
ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മലയാളി സോളിസിറ്റേഴ്സിനിടയില്‍ പോള്‍ ജോണിന്റെ പ്രാഗത്ഭ്യം പ്രശാംസനീയമാണ്. പ്രമുഖ ടെലിവിഷന്‍ ചാനലായ സീ ടിവിയില്‍ ഇമിഗ്രേഷന്‍ സംബന്ധമായ ഷോകളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. ഇമിഗ്രേഷന്‍ സംബന്ധമായ ബ്ലോഗുകളും മറ്റ് ഓണ്‍ലൈന്‍ ലേഖനങ്ങളും എഴുതുന്നതിലൂടെ ഏറെ ശ്രേദ്ധേയനാണ് പോള്‍ ജോണ്‍. എറണാകുളം ഗവ. ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.
മികച്ച പാര്‍ലമെന്റേറിയനുള്ള നിയമനിര്‍മ്മാണ പുരസ്കാരം വി പി സജീന്ദ്രന് എംഎല്‍എയ്ക്ക് ലഭിച്ചു. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്കാരം. യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസിനസ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്സര്‍ലന്‍ഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് അബുദാബി) ആണ്.
യുകെയ്ക്ക് പുറത്ത് നിന്നും അഞ്ച് വ്യക്തികള്‍ക്ക് പുരസ്കാരം നല്‍കുന്നതിനൊപ്പം യുകെയില്‍ നിന്നും അഞ്ച് പേര് പുരസ്കാര ജേതാക്കളായിട്ടുണ്ട്. യുകെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) ”കര്‍മ്മശ്രേഷ്ഠ” പുരസ്കാരത്തിന് അര്‍ഹനായി.
കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്കാരം സമ്മാനിക്കുന്നത്. രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്കാരം നല്‍കും. യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന് എന്ന നിലയില്‍ ”എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന് ബിയറിന്റെ സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന ”യുക്മ ആദരസന്ധ്യ 2020?നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. പുരസ്ക്കാര ജേതാക്കളുടെ വ്യക്തിവിവരങ്ങളും തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച വിശദമായ വിവരങ്ങളും വരും ദിവസങ്ങളില്‍ വിശദമായി നല്‍കുന്നതായിരിക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല