പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് മനുഷ്യപുത്രന് തല ചായ്ക്കാന്‍ മണ്ണിലിടമില്ല എന്ന ഗാനം പാടി നടക്കാന്‍ ഏറ്റവും യോഗ്യര്‍ ബ്രിട്ടനിലെ വരും തലമുറയാണെന്ന് തോന്നുന്നു. ഉയര്‍ന്ന നിരക്കും വായ്പ ലഭിക്കാനുള്ള പ്രയാസങ്ങളും കാരണം ബ്രിട്ടനിലെ വരും തലമുറയെ ഹൌസിംഗ് മാര്‍ക്കറ്റില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നാണ് കണക്കുകള്‍ നല്കുന്ന സൂചന.
നാഷണല്‍ ഹൌസിംഗ് ഫെഡറേഷന് അറിയിച്ച കണക്കുകള്‍ പ്രകാരം അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഈ മാറ്റം പ്രകടമായി കണ്ടു തുടങ്ങും. 2021 ഓടെ ഇംഗ്ലണ്ടിലെ വീട്ടുടമസ്ഥരുടെ എണ്ണം 63.8 ശതമാനമായി കുറയും. എണ്‍പതുകളുടെ മധ്യത്തിനു ശേഷം ഇതാദ്യമായാണ് ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. വാടക നിരക്ക് ഉയരുന്നതോടെ ബാങ്കുകളില്‍ സമ്പാദ്യം ഉണ്ടാക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല എന്നതും ഇതിന് കാരണമായിട്ടുണ്ട്.
സോഷ്യല്‍ ഹൗസിങ് വെയ്റ്റിങ് ലിസ്റ്റ് റെക്കോഡില്‍ എത്തി നില്‍ക്കുകയാണ്. ഇംഗ്ലണ്ടിലെ 67.8 ശതമാനം പേര്‍ക്കും സ്വന്തമായി വീടുണ്ട്. അതേസമയം ലണ്ടനിലാവും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം ഇടിവ് രേഖപ്പെടുത്തുക. 2021 ഓടെ നിരക്ക് 50 ശതമാനത്തില്‍ നിന്നു 44 ശതമാനമായി കുറയും. വടക്കു കിഴക്കന്‍ മേഖലകളില്‍ മാത്രമാവും ഇതിനു വിപരീത ഫലം കാണുക. ഇവിടെ 66.2 ശതമാനത്തില്‍ നിന്നു 67.4 ശതമാനമായി വീട്ടുടമസ്ഥരുടെ എണ്ണം വര്‍ധിക്കും. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ 20 ശതമാനം കൈവശമുണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ലോണ്‍ അനുവദിക്കു.
ഈ കണക്കുകളെല്ലാം പരിശോധിച്ചാല്‍ ഒരാളുടെ കൈവശം ഏകദേശം 26,346 പൗണ്ട് കാണണം ലോണ്‍ കിട്ടണമെങ്കില്‍ . നാലു വര്‍ഷം മുന്‍പു പത്തു ശതമാനം കൈവശം മതിയായിരുന്നുവെന്നു കൗണ്‍സില്‍ ഒഫ് മോര്‍ട്ടേജ് ലെന്‍ഡേഴ്സ് പറയുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം നിര്‍മാതാക്കളാണെന്നും ബാങ്കുകാരല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ വിടിന്റെ വിലയിലും വാടകയിലും 20 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്. വാടകക്കാരന് ഓരോ വര്‍ഷവും 1,152 പൗണ്ട് വീതം അധികം നല്‍കേണ്ടി വരേണ്ട സ്ഥിതിയാണിപ്പോള്‍ ബ്രിട്ടനില്‍ നില നില്‍ക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല