ദെയ്ഗു: ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരം എന്ന ബഹുമതിയോടെ ഫൈനലിനിറങ്ങിയ ഇന്ത്യന്‍ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡക്ക് പക്ഷെ മെഡല്‍ പട്ടികയില്‍ ഇടം പിടിക്കാനായില്ല. ഫൈനലില്‍ 64.05 മീറ്റര്‍ ദൂരത്തേക്ക് ഡിസ്കസ് പായിച്ച ഇന്ത്യന്‍ താരം ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ വനിതാ വിഭാഗം ട്രിപ്പില്‍ ജംപില്‍ ഇന്ത്യയുടെ മയൂഖ ജോണിക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
ലോകചാംപ്യന്‍ഷിപ്പിലെ ആദ്യ ഫൈനല്‍ മത്സരത്തിനിറങ്ങിയ വികാസ് ഗൗഡ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് സീസണിലെ മികച്ച ദൂരം കണ്ടെത്തിയത്. എന്നാല്‍ തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് ദൂരമായ 64.96 മീറ്റര്‍ മറികടക്കാന്‍ ഗൗഡക്കായില്ല.
68.97 മീറ്റര്‍ കണ്ടെത്തിയ ജര്‍മ്മനിയുടെ റോബര്‍ട്ട് ഹാര്ട്ടിങ്ങിനാണ് സ്വര്‍ണ്ണം. 66.95 മീറ്ററോടെ എസ്റ്റോണിയയുടെ ജര്‍ഡ് കാന്‍ഡര്‍ വെള്ളിയും 66.08 മീറ്ററോടെ ഇറാന്റെ ഇഷാന് ഹദാദി വെങ്കലവും സ്വന്തമാക്കി.
യോഗ്യതാ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ മത്സരിച്ച ഗൗഡ 63.99 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനം നേടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ഗുവാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഗൗഡ 2005ലും 2007ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നെങ്കിലും യോഗ്യതാ റൗണ്ടില്‍ പുറത്തായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല