1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2011

ചെന്നൈ: ആദ്യമായി ഒരു അഖിലേന്ത്യാ ക്രിക്കറ്റ് കിരീടം നേടാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ പൂവണിഞ്ഞില്ല. ബുച്ചി ബാബു ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തി.  രണ്ട് വിക്കറ്റിന് കേരളത്തെ കീഴടക്കിയാണ് മഹാരാഷ്ട്ര ജേതാക്കളായത്. കേരളം ഉയര്‍ത്തിയ 320 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര എട്ടുവിക്കറ്റ് നഷ്ടത്തില്‍ 3.2 ഓവര്‍ ബാക്കിയിരിക്കെ ലക്ഷ്യം കാണുകയായിരുന്നു.  സ്‌കോര്‍: കേരളം 90 ഓവറില്‍ 319 റണ്‍സിന് ഓള്‍ഔട്ട്. മഹാരാഷ്ട്ര 86.4 ഓവറില്‍ എട്ടിന് 320 റണ്‍സ്.

അര്‍ധസെഞ്ചുറികളോടെ ചിരാഗ് ഖുറാന(82), അശോക് കദിയാവാലെ(55), അങ്കിത് ബാവ്‌നെ(59) എന്നിവരാണ് മഹാരാഷ്ട്രയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.
കേരളത്തിന്റെ സ്‌കോറിനെതിരെ 300/4 എന്ന നിലയില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന മഹാരാഷ്ട്രയെ മികച്ച ബൗളിങ്ങിലൂടെ ഓഫ് സ്പിന്നര്‍ കെ.ആര്‍.ശ്രീജിത്ത് മത്സരത്തിലേക്ക് തിരിച്ച് കൊണ്ട് വന്നു.

അഞ്ചുവിക്കറ്റ് വീഴ്ത്തിയ ശ്രീജിത്തിന്റെ മികവില്‍ ഒരു ഘട്ടത്തില്‍ മഹാരാഷ്ട്ര 307/8 എന്ന നിലയിലായിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അജിങ്ക്യാ ജോഷിയും(13 നോട്ടൗട്ട്) ഡൊമനിക് ജോസഫും(6 നോട്ടൗട്ട്) മഹാരാഷ്ട്രയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ ഓപ്പണര്‍മാരായ ജഗദീഷും (98) അഭിഷേക് ഹെഗ്‌ഡെയും(74) ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 165 റണ്‍സിന്റെ കൂട്ട്‌കെട്ടാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ജഗദീഷ് പുറത്താകുമ്പോള്‍ രണ്ടു വിക്കറ്റിന് 208 റണ്‍സ് എന്ന നിലയിലായിരുന്ന കേരളം പിന്നീട് തകരുകയായിരുന്നു. 111 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന എട്ടുവിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായത്.

178 പന്തുകളില്‍ 12 ബൗണ്ടറിയും ഒരു സിക്‌സറുമടക്കമായിരുന്നു ജഗദീഷിന്റെ 98 റണ്‍സ്. ഹെഗ്‌ഡെ 143 പന്തുകളില്‍നിന്ന് ഏഴു ബൗണ്ടറിയും മൂന്നു സിക്‌സറുമായാണ് 74 റണ്‍സെടുത്തത്. 65 പന്തുകളില്‍നിന്ന് നാലു ഫോറും മൂന്നു സിക്‌സറുമായി 46 റണ്‍സെടുത്ത കെ.എ. രാകേഷും കേരള നിരയില്‍ തിളങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.