സീനിയര്‍ താരങ്ങളുടെ തോല്‍വിയുടെ നാണക്കേട് അകറ്റാന്‍ ഇന്ത്യന്‍ യുവതാരങ്ങളുടെ പടപ്പുറപ്പാട്. ചെറുപ്പത്തിന്റെ ആവേശവും മൂന്നു പരിശീലന മല്‍സരങ്ങളിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഏക ട്വന്റി20യില്‍ ഇന്ത്യന്‍ ടീം ഇന്നു പോരിനിറങ്ങുന്നു.
സീം ബോളിങ്ങിനു മുന്നില്‍ ചൂളിപ്പോയ ടെസ്റ്റ് ടീമിന്റെ ഗതികേട് ട്വന്റി20 ടീമിനുണ്ടാകുമോയെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. മല്‍സരം ഇന്ത്യന്‍ സമയം രാത്രി 10.30ന് ആരംഭിക്കും. സ്റ്റാര്‍ ക്രിക്കറ്റില്‍ തല്‍സമയം. ഗൌതം ഗംഭീര്‍ നാട്ടിലേക്കു മടങ്ങാന്‍ തീരുമാനമായി. പരുക്ക് ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഗംഭീര്‍ മടങ്ങുന്നത്.
വാം അപ് മല്‍സരങ്ങളില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഫോമിലായിരുന്നു. എല്ലാ മല്‍സരങ്ങളിലും ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ പോന്ന സ്കോര്‍ കണ്ടെത്താന്‍ അവര്‍ക്കായി. പരാജയപ്പെട്ട ടീമിനൊപ്പം ഇതുവരെ അവര്‍ പങ്കാളികളായിട്ടില്ല.
ക്രിയാത്മകമായ മനസ്സും ആത്മവിശ്വാസവുമായി ഇവര്‍ രണ്ടുപേരും ഇന്നും ഇന്ത്യയുടെ ബാറ്റിങ് കരുത്താകുമെന്നു പ്രതീക്ഷിക്കാം.
ലെസ്റ്റര്‍ഷെറിനെതിരായ മല്‍സരത്തില്‍ മികച്ച സ്കോറുമായി പാര്‍ഥിവ് പട്ടേലും ഫോമിലായി. ബാറ്റ്സ്മാന്‍മാരുടെ കുറവുള്ളതുകൊണ്ടു സീനിയര്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും ടീമിലിടം കണ്ടേക്കും.
അജിങ്ക്യ രഹാനയ്ക്ക് ഇന്ത്യന്‍ ക്യാപ് തുടക്കത്തില്‍ തന്നെ നല്‍കാനും വഴിയില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും പരിചയ സമ്പന്നരായ ബാറ്റ്സ്മാന്മാരാണെങ്കിലും ഓരോ രാജ്യാന്തര ട്വന്റി20യുടെ അനുഭവ സമ്പത്തുമായാവും ദ്രാവിഡും സച്ചിനും ഇന്നു കളിക്കുന്നത്. ജൊഹാനസ്ബര്‍ഗില്‍ 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു സച്ചിന്‍ കളിച്ചത്.
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സിനുടമയായ സച്ചിനും രണ്ടാം സ്ഥാനത്തുള്ള ദ്രാവിഡുമാണു ട്വന്റി20യില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനു കരുത്തേകാനുള്ള ബാധ്യത. ആദ്യ ട്വന്റി20 ലോകകപ്പില്‍ യുവ കരുത്തില്‍ കിരീടത്തിലെത്തിയ ഇന്ത്യ നാലു വര്‍ഷത്തിനു ശേഷം സീനിയര്‍ താരങ്ങളിലേക്കു മടങ്ങിപ്പോകുന്നതിന്റെ വിരോധാഭാസമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല