സ്വന്തം ലേഖകൻ: കോഴിക്കോട് ജിദ്ദ സെക്ടറില്‍ വിമാന കമ്പനികൾക്കിടയിൽ മത്സരം മുറുകുന്നു. അടുത്ത മാസം മുതല്‍ ദിവസവും നാല് സര്‍വ്വീസുകള്‍ വരെ ഉണ്ടാകും. നിലവിലെ സര്‍വ്വീസുകളുടെ എണ്ണം നാലായി ഉയര്‍ത്താന്‍ എയര്‍ ഇന്ത്യയും നീക്കമാരംഭിച്ചു.
2018 ഡിസംബറില്‍ സൗദി എയര്‍ലൈന്‍സിന് ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സര്‍വ്വീസ് ആരംഭിച്ചതിന് പിറകെ, സ്പൈസ് ജെറ്റും പ്രതിദിന സര്വ്വീസുമായെത്തി. ഇക്കഴിഞ്ഞ 16ാം തിയതി എയര്‍ ഇന്ത്യയുടെ ജംബോ സര്‍വ്വീസ് കൂടി ആരംഭിച്ചതോടെ സെക്ടര്‍ പഴയകാല പ്രതാപം വീണ്ടെടുത്തു. അടുത്ത മാസം 29 മുതല്‍ ഇന്‍ഡിഗോയും സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഫലത്തില്‍ മുഴുസമയ സര്‍വ്വീസുകളുള്ള സെക്ടറായി ജിദ്ദ-കോഴിക്കോട് സെക്ടറും മാറും.
ദിവസവും പുലര്‍ച്ചെ 2.10ന് സൗദി എയര്‍ലൈന്‍സ് ജിദ്ദയിൽ നിന്നും ആദ്യ സര്‍വ്വീസ് ആരംഭിക്കും. തൊട്ട് പിറകെ രാവിലെ 9.50ന് സ്പൈസ് ജെറ്റും, ഉച്ചക്ക് 1.20ന് ഇന്‍ഡിഗോയും, രാത്രി 11.15ന് എയര്‍ ഇന്ത്യയും ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കും. രാവിലെ 7.05നാണ് എയർ ഇന്ത്യ കോഴിക്കോട് ഇറങ്ങുക. തൊട്ടുപിറകെ രാവിലെ 10.30 ന് സൌദി എയർലൈൻസും, വൈകിട്ട് 6.05ന് സ്പൈസ് ജെറ്റും, രാത്രി 9.35ന് ഇൻഡിഗോയും കോഴിക്കോട് ഇറങ്ങും വിധമാണ് നിലവിലെ സമയ ക്രമം.
അടിയന്തിര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ മുഴുവന്‍ സമയവും വിമാന സര്വ്വീസുകളുണ്ടാകുമെന്നതാണ് നിലവിലെ സമയക്രമങ്ങള്‍ സൂചിപ്പിക്കുന്നത്. എയര്‍ ഇന്ത്യ സര്‍വ്വീസ് ആരംഭിച്ചതോടെ കടുത്ത മത്സരമാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ വിമാനകമ്പനികള്ക്കിടയില് രൂപപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല