ഇന്ത്യ ഒറ്റ മല്‍സരം മാത്രമുള്ള ട്വന്റി 20 പരമ്പരയും ഇംഗ്ലണ്ടിന് അടിയറ വച്ചു. ആറുവിക്കറ്റിനാണ് ആതിഥേയര്‍ മുന്ലോകചാംപ്യന്മാരെ വീണ്ടും നാണം കെടുത്തിയത്. അവസാന ഏഴ് റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യ നഷ്ടപ്പെടുത്തിയത് അഞ്ചുവിക്കറ്റുകളാണെന്ന് പറയുമ്പോള്‍ കളിയുടെ കഥ ഏകദേശം മനസ്സിലാവും.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്ത് 19.4 ഓവറില്‍ 165 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ പാര്‍ത്ഥീവ് പട്ടേല്‍ 10 റണ്‍സുമായി മടങ്ങിയെങ്കിലും രഹാനയും രാഹുല്‍ ദ്രാവിഡും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 65 റണ്‍സ് നേടി മല്‍സത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പക്ഷേ, ടോട്ടല്‍ സ്കോര്‍ 104ലെത്തി നില്‍ക്കെ ദ്രാവിഡിന്റെയും 106ലെത്തി നില്‍ക്കെ രഹാന്റെയും 108ലെത്തി നില്‍ക്കെ വിരാട് കോഹ്ലിയുടെയും വിക്കറ്റ് തെറിച്ചതോടെ ടെസ്റ്റില്‍ നിന്ന് ഇന്ത്യ അധികമൊന്നും മെച്ചപ്പെട്ടിട്ടില്ലെന്ന് മനസ്സിലായി. രഹാന 61ഉം ദ്രാവിഡ് 31ഉം കോഹ്ലി നാലും റണ്‍സ് നേടി.
തുടര്‍ന്നെത്തിയ സുരേഷ് റെയ്ന 33 റണ്‍സെടുത്ത് പതനത്തിന്റെ വേഗത കുറച്ചു. നായകന് മഹേന്ദ്രസിങ് ധോണി എട്ട് റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മയുടെ സംഭാവന കേവലം ഒന്നായിരുന്നു. 3.4 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി ജേഡ് ഡേണ്‍ബാക്കാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. സ്റ്റുവാര്‍ട്ട് ബ്രോഡ് രണ്ടും ടിം ബ്രെസ്നന്, ഗ്രേം സ്വാന്, രവി ബൊപാര എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഓപണര്‍ അലക്സ് ഹെയ്ല്‍സിനെ പൂജ്യനാക്കി മടക്കാന്‍ പ്രവീണിനു സാധിച്ചെങ്കിലും കെവിന് പീറ്റേഴ്സണും(33) മോര്‍ഗനും(49) രവി ബൊപ്പാരയും(31) സമിത് പട്ടേലും(25), ക്രെയ്ഗും(18) ചേര്‍ന്ന ഇംഗ്ലണ്ടിന് കളിതീരാന്‍ മൂന്നു റണ്‍സ് മാത്രം അവശേഷിക്കേ ആറുവിക്കറ്റിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കുവേണ്ടി മുനാഫ് പട്ടേല്‍ രണ്ടും പ്രവീണ്‍ കുമാര്‍, വീരാട് കോഹ്ലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഡേണ്‍ബാക്കാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല