ഫാ. ടോമി എടാട്ട് (റാംസ്ഗേറ്റ്): ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന സുവിശേഷവൽക്കരണ പരിശീലനപരിപാടിക്ക് തുടക്കമായി. രൂപതയുടെ ഇവാഞ്ചലൈസേഷൻ ഫോർമേഷൻ ടീമിന് വേണ്ടി റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടത്തപെടുന്ന സെമിനാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. അദിലാബാദ് രൂപതാധ്യക്ഷൻ അഭിഭവന്ദ്യ മാർ പ്രിൻസ് പാണേങ്ങാടൻ പിതാവിന്റെ നേതൃത്വത്തിലാണ് ക്ളാസുകൾ നടക്കുന്നത്. രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതോളം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഈ പരിശീലനപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.
വചനമാകുന്ന അടിത്തറമേലാണ് സഭയും സമൂഹവും പണിതുയർത്തപ്പെടേണ്ടതെന്ന് പ്രിൻസ് പാണേങ്ങാടൻ പിതാവ് തന്റെ ആമുഖ സന്ദേശത്തിൽ പറഞ്ഞു. വചനം വായിക്കുന്നതിലൂടെയും പഠിക്കുന്നതിലൂടെയും പ്രഘോഷിക്കുന്നതിലൂടെയുമാണ് സഭയെ പടുത്തുയർത്തേണ്ടതെന്നും ഈശോയാകുന്ന അടിസ്ഥാനമായിട്ടുള്ള പാറമേലായിരിക്കണം ഇത് പണിയേണ്ടതെന്നും പിതാവ് ഓർമിപ്പിച്ചു.
എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുക എന്ന സുവിഷവൽക്കരണ സന്ദേശം പ്രാവർത്തികമാക്കുവാൻ പ്രവർത്തിക്കുന്ന രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് ഇവാഞ്ചലൈസേഷൻ ഫോർമേഷൻ ടീം. ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി ആരംഭിച്ച ക്ളാസുകൾ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് സമാപിക്കും.
ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും വചനത്തിലൂടെയും ജീവിതസാക്ഷ്യത്തിലൂടെയും പ്രഘോഷിക്കുക എന്നതാണ് സുവിശേഷവൽക്കരണത്തിന്റെ കാതൽ. വചനം പ്രഘോഷിക്കുന്നതിലൂടെയാണ് സഭയ്ക്ക് വേണ്ടി സാക്ഷ്യം വഹിക്കാൻ ഓരോ വ്യക്തിക്കും സാധിക്കുകയെന്നും സുവിശേഷവൽക്കരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഈ പ്രതിനിധികളിലൂടെ ദൈവവചനം ദൈവജനമൊന്നാകെ വർഷിക്കപ്പെടുവാൻ ഇടയാകട്ടെ എന്നും മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.
ഫാ. ടോമി എടാട്ട്
പി ആർ ഓ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല