സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ മേഖലയിലും ഇന്ന് മുതൽ 15 ദിവസത്തേക്ക് നിയന്ത്രിത അവധി. രാജ്യത്തെ പള്ളികൾ താൽക്കാലികമായി അടച്ചിട്ടതിനാൽ ഇനി മരണാനന്തര നിസ്കാരങ്ങൾ ഖബർസ്ഥാനിൽ മതിയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.
സർക്കാർ വകുപ്പുകൾക്ക് പിന്നാലെ സ്വകാര്യ മേഖലയിലും ഇന്ന് മുതൽ 15 ദിവസത്തേക്ക് മാനവശേഷി വികസന മന്ത്രാലയം നിയന്ത്രിത അവധി പ്രഖ്യാപിച്ചു. എന്നാൽ, ഈ മേഖലയിൽ ഉള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. ആദ്യ ഘട്ടത്തിൽ കമ്പനി ആസ്ഥാനങ്ങളിലാണിത് പ്രാബല്യത്തിൽ വരുക. വെള്ളം, വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ മേഖലകളെ ഒഴിവാക്കിയിട്ടില്ലെങ്കിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് നിർദ്ദേശമുണ്ട്.
സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ച സാഹചര്യത്തിൽ മയ്യത്ത് നിസ്കാരങ്ങൾ ഖബർസ്ഥാനിൽ മതിയെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. നിസ്കാരങ്ങൾക്കായി പള്ളികളിൽ കൃത്യസമയത്ത് ബാങ്ക് വിളി മുഴങ്ങുമെന്നും വീടുകളിൽ നിസ്കരിക്കാമെന്നും അറിയിപ്പുണ്ട്.
അതേസമയം, വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ മക്കയിലെ സ്വകാര്യ ആശുപത്രി ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. മധ്യപൗരസ്ത്യദേശത്ത് ഏറ്റവും കൂടുതൽ ഭക്ഷ്യ ശേഖരമുള്ളത് സൗദിയിലാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ ക്ഷാമം നേരിട്ടേക്കുമെന്ന ഭീതി പരക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇന്നലെ 38 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സൗദിയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 171 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല