സ്വന്തം ലേഖകൻ: രാജ്യത്താകമാനം കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് പല കമ്പനികളും. വീട്ടിലിരുന്ന ജോലി ചെയ്യുന്ന സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടുകഴിഞ്ഞു. എന്നാല്‍, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ശീലം ഇന്ത്യയില്‍ കുറവായിരുന്നതുകൊണ്ടുതന്നെ എങ്ങനെ ജോലി തുടങ്ങണം, ക്രമീകരണങ്ങള്‍ എങ്ങനെ നടത്തണം എന്നതിനെക്കുറിച്ച് പലര്‍ക്കും വലിയ ആശങ്കകളുണ്ട്. എങ്ങനെയാണ് വര്‍ക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്തേണ്ടത് എന്ന് പല നിര്‍ദ്ദേശങ്ങളും ഉയരുന്നുമുണ്ട്. വീട്ടിലിരുന്നുള്ള ജോലി എളുപ്പമാക്കാന്‍ ചില വഴികളിതാ.
ആദ്യം ചെയ്യേണ്ടത് ജോലിക്കായി മാനസികമായി തയ്യാറെടുക്കുക എന്നതാണ്. സാധാരണ ജോലിക്ക് ഓഫീസിലേക്ക് പോകുന്ന മാനസികാവസ്ഥയില്‍ തന്നെ ഉറക്കമുണരുക. കുളിച്ച്, ഓഫീസിലേക്കുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഒരുക്കങ്ങള്‍ നടത്താം. ഇത് ജോലി ചെയ്യാനുള്ള മാനസികാവസ്ഥ ലഭിക്കാന്‍ ഉപകരിക്കും. സ്കൈപ്പ്, സൂം, ഫേസ്ടൈം, ഗൂഗിള്‍ ഹാങ്ഔട്ട്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകള് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ മീറ്റിങുകള്ക്കും ഇത് സഹായകരമാണ്.
ഒരു ഭൗതികാന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നതാണ് അടുത്തതായി ചെയ്യാവുന്നത്. കഴിയുമെങ്കില്‍ ബഹളങ്ങളില്ലാത്ത ഒരു സ്ഥലം ജോലിക്കായി തെരഞ്ഞെടുക്കാം. അത് ബെഡിലോ ബെഡ് റൂമിലോ ആവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഓഫീസിലുള്ളതിന് സമാനമായി മേശയും കസേരയും ക്രമീകരിക്കാം. സാധാരണ ദിവസം പോലെ ജോലി ചെയ്യാന്‍ പോവുകയാണ് എന്ന മാനസികാവസ്ഥയുണ്ടാക്കാന്‍ അത് സഹായിക്കും. വീഡിയോ കോളും മറ്റും ആവശ്യമുള്ള ജോലിയാണെങ്കില്‍ അതിനുള്ള പശ്ചാത്തലത്തില്‍ ഇരിപ്പിടം ക്രമീകരിക്കുന്നതാണ് ഉചിതം.
ജോലിയിക്കായി ആവശ്യമുള്ള സോഫ്റ്റ് വെയറുകളും ആപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തണം. സ്ളാക്ക്, ജാബര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തം ഉറപ്പാക്കുന്നത് ഇതിന് ഉദാഹരണമാണ്. ഡാറ്റാ പാക്കേജും വൈഫൈ സുതാര്യതയും ഉറപ്പുവരുത്തണം. ഇതിനായി നിങ്ങളുടെ ടെലികോം കമ്പനിയുമായോ ഇന്റര്‍നെറ്റ് പ്രൊവൈഡറുമായോ ബന്ധപ്പെടാവുന്നതാണ്. ചില കമ്പനികള്‍ ഡാറ്റാ വിലയില്‍ ഇളവുവരുത്താവുന്നതാണ്.
ദിനംപ്രതിയുള്ള വീഡിയോ മീറ്റിങുകളും വര്‍ക്ക് പ്ലാനും തയ്യാറാക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. നിങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ ധാരാളം ജോലികളുണ്ട്. അതുകൊണ്ടുതന്നെ പ്രാധാന്യം നല്‍കേണ്ടത് ഇന്ന് ചെയ്തുതീര്‍ക്കേണ്ട ജോലിക്കാണ്. ജോലി സമയം മുഴുവന്‍ ജോലിയില്‍ത്തന്നെ തുടരുമെന്ന് തീരുമാനിക്കണം. നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി ഫോണ്‍ കോള്‍ വഴിയോ വീഡിയോ വഴിയോ മെസേജുകള്‍ വഴിയോ ചര്‍ച്ച ചെയ്യാം. ഇത് നിങ്ങള്‍ ഇരുവരിലും ചെയ്യാന്‍ പോകുന്ന ടാസ്കിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ സഹായിക്കും.
ഇനി, നിങ്ങളൊരു ടീമിന്റെ ഭാഗമാണെങ്കില്‍, ടീമിലെ ഓരോ ആളും എന്താണ് ചെയ്യാന്‍ പോകുന്നതെന്നും അവര്‍ എങ്ങനെയാണ് അത് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നും ചോദിച്ചറിയണം. ജോലി ചെയ്യുന്നതിനിടെ നിങ്ങള്‍ എന്ത് പ്രതിസന്ധി നേരിട്ടാലും അത് അതാത് സമയങ്ങളില്‍ മേലുദ്യോഗസ്ഥരെ അറിയിക്കാനും മടിക്കേണ്ട.ഇ മെയിലുകള്‍ അയച്ച് മറുപടിക്ക് കാത്തുനില്‍ക്കുന്നതിലും നല്ലത് ഫോണിലൂടെയോ വീഡിയോ കോളിലൂടെയോ സംശയങ്ങളും പ്രശ്നങ്ങളും ദുരീകരിക്കുന്നതാണെന്ന് ഓര്‍മ്മിക്കുമല്ലോ.
ജോലിക്കിടയില്‍ നിങ്ങളുടെ മാനസികാരോഗ്യനിലയും വളരെ പ്രധാനപ്പെട്ടതാണ്. ഏറെ നേരത്തെ ഒറ്റയ്ക്കുള്ള ജോലിക്കിടയില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് നിങ്ങളില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനവും അതുണ്ടാക്കുന്ന പേടിയും നിങ്ങളെ ബാധിക്കുന്നുണ്ടാവാം.
സാമൂഹിക ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. സഹപ്രവര്‍ത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിച്ചും ചായ കുടിച്ചും ശീലിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയോ വീഡിയോ കോളുകള്‍ ഉപയോഗിച്ചോ ഭക്ഷണം കഴിക്കുന്ന സമയം ചെലവഴിക്കാം. ജോലി കഴിഞ്ഞുള്ള സമയങ്ങളിലും സഹപ്രവര്‍ത്തകരുമായി ഇത്തരത്തില്‍ ബന്ധം സൂക്ഷിക്കുന്നത് മികച്ച തീരുമാനമായിരിക്കും. സഹപ്രവര്‍ത്തകരുമായി ഇത്തരത്തില്‍ ബന്ധം പുലര്‍ത്തുന്നത് സാധാരണ ദിവസമായി തോന്നിക്കാനും എല്ലാ പിന്തുണയും നമുക്കുണ്ടെന്ന തോന്നലുണ്ടാക്കാനും ഗുണകരമാകും.
നമ്മളെ കുറച്ച് സ്വതന്ത്രരാക്കാം. പറ്റുമെങ്കില്‍ പരിസരങ്ങളിലേക്ക് നടക്കാനിറങ്ങാം. ചെടികള്‍ പരിചരിച്ചും ക്ലീനിങ് ജോലികള്‍ രസകരമായി ചെയ്തും, ഭക്ഷണ പരീക്ഷണങ്ങള്‍ നടത്തിയും ഒഴിവുസമയം ആനന്ദകരമാക്കാം.ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കാം. എപ്പോഴും സമൂഹവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാം.
ജോലിയും വീടും സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ജോലി വീടിനുള്ളില്ത്തന്നെയാവുമ്പോള് ഇവ രണ്ടും സംബന്ധിച്ച് വേര്‍തിരിവുകള്‍ ഉണ്ടാക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍, വീടിനേയും ജോലിയേയും തമ്മില്‍ കൂട്ടിക്കുഴക്കാതിരിക്കുന്നതാണ് ഉചിതം. വീടിന്റെ ആവശ്യങ്ങള്‍ ജോലിയെ ബുദ്ധിമുട്ടിക്കും എന്നത് എപ്പോഴും ഓര്‍മ്മയിലുണ്ടാവണം. വീട്ടാവശ്യങ്ങള്‍ക്കായി ജോലി നീട്ടിവെക്കില്ലെന്ന് മനസില്‍ അടിവരയിട്ട് തീരുമാനിക്കണം. സാധാരണ നിങ്ങള്‍ ചെയ്യാറുള്ള ജോലികള്‍ അവസാനിച്ച് കഴിയുമ്പോഴോ, ജോലി സമയം തീരുമ്പോഴോ മാത്രം മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധകൊടുത്താല്‍ മതി.
ജോലി സമയം കഴിഞ്ഞാല്‍ നിങ്ങള്‍ തയ്യാറാക്കിയ ഓഫീസ് അന്തരീക്ഷത്തില്‍നിന്നും പുറത്തുകടന്ന് വീട്ടുകാര്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും സമയം ചെലവഴിക്കാം. നാളെയും നിങ്ങള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ളതാണ്. അതുകൊണ്ടുതന്നെ, വിശ്രമവും ഉല്പാദനക്ഷമതയും ഉറപ്പാക്കി മാനസിക ആരോഗ്യം നിലനിര്‍ത്തേണ്ടത് നിങ്ങളുടെ ഉത്തവാദിത്തമാണെന്ന് ഓര്‍ക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല