ഫുട്ബോളിന്റെ പുത്തന്‍ ഇതിഹാസം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്ന വെള്ളിയാഴ്ച, കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയം ആവേശക്കടലായി മാറും. ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ച പന്തുകളിക്കാരന്റെ പാദസ്പര്‍ശങ്ങളില്‍ കൊല്‍ക്കത്തയുടെ കളിമുറ്റം അഭിമാനപൂരിതമാകും. കളത്തില്‍ തിമിര്‍ത്താടുന്ന ‘ബാഴ്സലോണയുടെ മജീഷ്യന്‍ സാള്‍ട്ട്ലേക്കിന്റെ കൃത്രിമ പ്രതലത്തില്‍ കൂച്ചുവിലങ്ങിടാന്‍ നഗരത്തില്‍ രണ്ടു ദിവസമായി ചന്നം പിന്നം പെയ്യുന്ന മഴക്കു കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് ലോകം.
മെസിയുടെ നായകത്വത്തിന് കീഴിലാണ് മാറഡോണയുടെ നാട്ടുകാര്‍ കോല്‍ക്കത്തയില്‍ പന്തുതട്ടാന്‍ ഇറങ്ങുന്നത്. ആദ്യമായാണ് മെസി അര്‍ജന്റീനയെ നയിക്കുന്നത്. കോപ്പ അമേരിക്കയോടെ ലാറ്റിനമേരിക്കയിലെ കറുത്തകുതിരകളായി മാറിയ വെനസ്വേലയുമായുള്ള അര്‍ജന്റീനയുടെ മത്സരം വൈകിട്ട് ഏഴുമണിക്കാണ്. കനത്ത സുരക്ഷയുടെ പുതപ്പിട്ട സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തിലേറെപ്പേര്‍ ഇന്ത്യന്‍ മണ്ണിലെ ആദ്യ ഫിഫ അന്താരാഷ്ട്ര മത്സരത്തിന് സാക്ഷിയാകാനെത്തും.
ഫുട്ബാളിനെ പ്രണയിക്കുന്ന ബംഗാളില്‍ ലോകം ഉറ്റുനോക്കുന്ന രാജ്യാന്തര മത്സരത്തിന് വിസില്‍ മുഴങ്ങുമ്പോള്‍ നിറഗാലറിക്കു കീഴെയാകും നക്ഷത്രങ്ങള്‍ പന്തുതട്ടുകയെന്ന അവകാശവാദത്തിലാണ് മുഖ്യസംഘാടകരായ സെലബ്രിറ്റി മാനേജ്മെന്റ് ഗ്രൂപ്പെന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി. ടിക്കറ്റുകള്‍ ഏറിയ കൂറും വിറ്റുപോയതായും അവസാന ഘട്ടത്തില്‍ വമ്പന്‍ പ്രതികരണമാണ് ടിക്കറ്റ് വില്പനയില് ദൃശ്യമാകുന്നതെന്നും സി.എം.ജി വൃത്തങ്ങള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല