ടെസ്റ്റും ട്വന്റി-20 യും തോറ്റ് തുന്നം പാടിയ ഇന്ത്യയ്ക്ക് തലയില്‍ മുണ്ടിടാതെ ഇംഗ്ളണ്ടില്‍നിന്ന് മടങ്ങാനുള്ള അവസാന അവസരത്തിന് ഇന്ന് തുടക്കമാകും. ഇംഗ്ളണ്ടിനെതിരായ അഞ്ചു മത്സരപരമ്പരയിലെ ആദ്യ കളിയാണ് ഇന്ന് ചെസ്റ്റര്‍ ലെസ്ട്രീറ്റില്‍ നടക്കുന്നത്. ഈ പരമ്പര 4-1 ന് സ്വന്തമാക്കിയാല്‍ ഇന്ത്യയ്ക്ക് ഏകദിനത്തിലെ രണ്ടാം റാങ്കിലേക്ക് ചുവടുവയ്ക്കാമെന്നത് ധോണിക്ക് ഊര്‍ജ്ജം പകരുന്ന വാര്‍ത്തയാണ്.
ടെസ്റ്റ് പരമ്പരയില്‍ 4-0 ത്തിന് തോറ്റതിന് പിന്നാലെ ഏക ട്വന്റി-20 യിലെ പരാജയം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരെന്ന കേമത്തം ഇംഗ്ളണ്ടിനോട് ചെലവാകുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. സമീപകാലത്തെ താരങ്ങളുടെ ഫോമാണ് ഇംഗ്ളണ്ടിന്റെ പ്ളസ് പോയിന്റ്. ക്യാപ്ടന്‍ കുപ്പായത്തിലിറങ്ങുന്ന കുക്കിനൊപ്പം ആന്‍ഡേഴ്സണ്‍, ഇയാന്‍ ബെല്‍, ബൊപ്പാറ, ഡെണ്‍ബാച്ച്, മോര്‍ഗന്‍, സ്വാന്‍, ട്രോട്ട് തുടങ്ങി മികച്ച ഫോമിലുള്ള താരങ്ങളാണ് ഇന്ത്യയെ വിറപ്പിക്കാനിറങ്ങുന്നത്. പീറ്റേഴ്സന്റെ അഭാവമാണ് ഇന്ത്യയുടെ പിടിവള്ളി.
സഹീര്‍ഖാന്‍, വിരേന്ദര്‍ സെവാഗ്, യുവ്രാജ് സിംഗ്, ഹര്‍ഭജന്‍, ഗൌതം ഗംഭീര്‍ തുടങ്ങിയവരുടെ പരിക്കിന്റെ ഷോക്കില്‍ നിന്ന് ഇന്ത്യ ഇനിയും ഉണര്‍ന്നിട്ടില്ല. ഏകദിന ടീമിലേക്ക് തിരികയെത്തിയ ദ്രാവിഡ് തന്റെ ആദ്യത്തെയും അവസാനത്തെയും അന്താരാഷ്ട്ര ട്വന്റി-20 യില്‍ പുറത്തെടുത്ത ഷോട്ടുകള്‍ ഏകദിനത്തിലും പ്രതീക്ഷയുണര്‍ത്തുന്നു. സച്ചിന്‍ കരിയറിലെ 100-ാം സെഞ്ച്വറിയെന്ന നാഴികക്കല്ലു തേടിയിറങ്ങുമ്പോള്‍ ട്വന്റി-20 യില്‍ മികവ് കാട്ടിയ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മ്മയും ആശ്വാസമാണ്. വിരാടും റെയ്നയും ധോണിയും കൂടി മിന്നിയെങ്കിലേ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടാനാകൂ.
ബൌളിംഗാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. പ്രവീണ്‍, മുനാഫ്, അശ്വിന്‍, വിനയ്കുമാര്‍ എന്നിവര്‍ക്കൊപ്പം അഞ്ചാം ബൌളറായി ആരെ വേഷം കെട്ടിക്കും എന്നതാണ് ധോണി നേരിടുന്ന പ്രധാന വെല്ലുവിളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല