സ്വന്തം ലേഖകൻ: ലോക്ഡൗൺ അവസാനിക്കുന്ന 14നു ശേഷം ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം. എയർ ഇന്ത്യ ഒഴികെയുള്ളവ 14നു ശേഷമുള്ള ആഭ്യന്തര യാത്രകൾക്ക് ബുക്കിങ് ആരംഭിച്ച പശ്ചാത്തലത്തിലാണു മന്ത്രാലയം നിലപാടറിയിച്ചത്. എയർ ഇന്ത്യ ഈ മാസം 30 വരെ ബുക്കിങ് നിർത്തിവച്ചിരിക്കുകയാണ്.
കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ സർവീസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന് പറയാനാവില്ലെന്നു മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. 14നു ശേഷവും നിരോധനം തുടർന്നാൽ, വിമാന കമ്പനികൾക്ക് ബുക്കിങ് റദ്ദാക്കേണ്ടി വരും. സ്ഥിതി മെച്ചപ്പെട്ടാൽ 15 മുതൽ ഘട്ടംഘട്ടമായി സർവീസുകൾ ആരംഭിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിദേശികളെ തിരിച്ചുകൊണ്ടുപോകാന്‍ അനുമതി നല്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാനും താല്പര്യമെടുക്കണമെന്ന് പ്രവാസികള്‍. യുഎഇയും കുവൈത്തും വിദേശികള്‍ക്ക് മടങ്ങാന്‍ അവസരമൊരുക്കിയിട്ടും വിമാനസര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
കൊവിഡിന്റെ പശ്ചാതലത്തില്‍ വിദേശികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ യുഎഇയും കുവൈത്തും ഇതിനകം പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് ഇന്നലെ മുതല്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് സര്‍വീസ് തുടങ്ങിയിട്ടുണ്ട്. അതത് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഈ സര്‍വീസുകള്‍. തിരികെ യുഎഇയിലേക്ക് വരാന്‍ കഴിയില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്മതം കിട്ടാത്തതാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് വൈകാന്‍ കാരണം.
പ്രായമായവരും, രോഗികളും വിസാകാലാവധി കഴിഞ്ഞവരും നാട്ടില്‍ അടിയന്തരമായി എത്തേണ്ടവരും ഉള്‍പ്പെടെ നിരവധിപേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ദുബായിലെ നൈഫടക്കം രോഗം വ്യാപിച്ച മേഖലകളില്‍ ഭീതിയോടെ കഴിയുന്ന സാധാരണക്കാരായ തൊഴിലാളികളെ അടിയന്തിര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ ചെലവില്‍ നാട്ടിലേക്ക് കൊണ്ടുപോകണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല