സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര വിദേശ യാത്രകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം.
ലോക്ക് ഡൗണില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് തുക മടക്കി നല്‍കില്ലെന്നും മറ്റൊരു തിയതിയില്‍ യാത്ര അനുവദിക്കുമെന്നുമായിരുന്നു കമ്പനികള്‍ അറിയിച്ചത്. തിയതി മാറ്റുന്നതിനുള്ള തുക ഈടാക്കില്ലെന്നും എന്നാല്‍ മാറ്റിയ തിയതിയിലെ ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കില്‍ വ്യത്യാസമുള്ള തുക യാത്രക്കാര്‍ നല്‍കേണ്ടി വരുമെന്നുമായിരുന്നു കമ്പനികള്‍ സൂചിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടേയും മുഴുവന്‍ തുകയും തിരിച്ചു നല്‍കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വീസുകള്‍ മെയ് മൂന്ന് വരെ റദ്ദാക്കിയിരുന്നു. മെയ് 3 ന് ശേഷം മാത്രമേ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുള്ളൂവെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചിരുന്നു.
റദ്ദായ ടിക്കറ്റിലെ അതേ യാത്രക്കാര്‍ക്ക് ഒരു വര്‍ഷത്തിനകം വീണ്ടും ടിക്കറ്റെടുക്കാമെന്നായിരുന്നു ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവ അറിയിച്ചത്. സ്പൈസ് ജെറ്റ് യാത്രക്കാര്‍ക്കുള്ള സമയപരിധി 2021 ഫെബ്രുവരി 28 വരെയായിരുന്നു. എയര്‍ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികള്‍ ഈ മാസം 14 ന് ശേഷമുള്ള ബുക്കിങ് ആരംഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല