സ്വന്തം ലേഖകൻ: യുഎഇയിലെ റാസല്‍ ഖെമയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവില്ലെന്നാണ് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെ അധികൃതര്‍ അറിയിച്ചത്.
റാസല്‍ ഖൈമയില്‍ ഈ മാസം 20തിനാണ് കായംകുളം സ്വദേശി ഷാജി ഭവനില്‍ ഷാജിലാല്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഷാജി ലാലിന്റെ മൃതദേഹം ഇന്ന് രാവിലെ 11.30ന് കാര്‍ഗോ വിമാനത്തില്‍ കൊച്ചിയിലേക്ക് അയയ്ക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയിരുന്നു.
എന്നാല്‍ എമിഗ്രേന്‍ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മൃതദേഹം കയറ്റി അയയ്ക്കാനാവാതെ ഇവര്‍ മടങ്ങുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് നല്കിയ രേഖകള്‍ സഹിതമാണ് വിമാനത്താവളത്തിലെത്തിയതെന്ന് ഷാജി ലാലിന്റെ ബന്ധുക്കള്‍ പറയുന്നു.
മൃതദേഹങ്ങള്‍ വിമാനത്താവളങ്ങള്‍ വഴി കൊണ്ടുപോകുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാത്തതാണ് തടസ്സമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിറങ്ങിയാല്‍ മാത്രമെ മൃതദേഹം വിമാനത്താവളം വഴി നാട്ടിലെത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഷാജി ലാലിന്റെ ബന്ധുക്കള്‍ക്ക് അധികൃതര്‍ നല്കിയ വിശദീകരണം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വരാതെ ഒരു മൃതദേഹങ്ങളും വിമാനത്താവളം വഴി കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് എമിഗ്രേഷൻ അധികൃതരുടെ നിലപാട്. ഉത്തരവ് എന്ന് ഇറങ്ങുമെന്ന് ഉറപ്പില്ല. ഇന്ന് ഉച്ചയ്ക്കു മുമ്പ് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഇറങ്ങിയിട്ടില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളങ്ങൾ അടച്ചത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്.
കാർഗോസർവീസ് ഉൾപ്പടെയുള്ള അടിയന്തര വിമാനസർവീസുകൾ നടത്താൻ മാത്രമാണ് ഇപ്പോൾ അനുവാദം നൽകിയിട്ടുള്ളത്. ഇതിൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് പരാമർശിച്ചിട്ടില്ല. ഇത് ഉൾപ്പെടുത്തിയുള്ള ഉത്തരവാണ് ഇറങ്ങേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല