സ്വന്തം ലേഖകൻ: ലണ്ടനിലെ ആശുപത്രിയിൽ കോവിഡ്–19 ബാധിച്ചെത്തിയവരെ ചികിത്സിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് മലയാളി നഴ്സ് സുമി വർഗീസ്. കൊറോണ വൈറസിനോട് സ്വയം പോരാടിയപ്പോഴും സുമി ധൈര്യം കൈവിട്ടില്ല.
കഠിനമായ ശാരീരിക അസ്വസ്ഥതകളിലൂടെ ഒരാഴ്ച ഹോം ഐസലേഷനിൽ കഴിഞ്ഞ സുമി മനഃശക്തി കൊണ്ട് രോഗത്തെ തോൽപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളെ നിരന്തരം പരിചരിച്ചതിന്റെ സ്വയം രോഗം ഏറ്റുവാങ്ങിയതിന്റെയും അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സുമി വർഗീസ്.
സുമിയുടെ പോസ്റ്റിന്റെ പൂർണരൂപം
കോറോണയോട്….എന്റെ യുദ്ധഭൂമിയിൽ നിന്ന്..
Salute to all superheroes and those who have lost their lives in battling against this deadly virus….
ഞാൻ വീണ്ടും യുദ്ധസന്നദ്ധയായി. ഏഴു ദിവസത്തെ ഹോം ക്വാറന്റൈൻ ന് ശേഷം നാളെ ജോലിയ്ക്കായി ആശുപത്രിയിലേയ്ക്ക് പോവുകയാണ്.. ഭയത്തിന്റെ നെരിപ്പോടുകൾ ഉള്ളിൽ എരിയുന്നുണ്ടെങ്കിലും മനസ്സ് പറയുന്നുണ്ട് … Be strong & positive…
കഴിഞ്ഞ രണ്ടു മൂന്ന് മാസം , സർജിക്കൽ വാർഡ് ഇൽ നിന്നും ഐസൊലേഷൻ വാർഡിലേക്കുള്ള എന്റെ വാർഡ് ഇന്റെ മാറ്റം വളരെ പെട്ടന്നായിരുന്നു . കൊറോണയെന്ന് ആദ്യമാദ്യം കേൾക്കുമ്പോൾ പേടി തോന്നിയെങ്കിലും ഇവിടെയെല്ലാർക്കും സാവധാനത്തിൽ അതൊരു സംഭവമേ അല്ലെന്നായി.. തുടക്കത്തിൽ ഫുൾ PPE ഒക്കെ ഇട്ടു ഒരു astronaut നെ പോലെയാണ്, രോഗമുണ്ടോയെന്നു സംശയിക്കുന്നവരെ പോലും ഞങ്ങൾ നോക്കിയിരുന്നത് . പിന്നീട് precautions ന്റെ അർഥം തന്നെ ഓരോ ദിവസവും, ഓരോ മണിക്കൂറിലും മാറിമറിഞ്ഞു.. ഇപ്പോൾ സ്വയം സുരക്ഷാ സംവിധാനങ്ങൾ ഒരു പ്രഹസനമായി മാറിക്കഴിഞ്ഞിരിക്കുന്നു.
എന്നും തിരക്കോടു തിരക്ക് . ചുറ്റിലും ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന രോഗികൾ. ജീവിക്കാനുള്ള അവകാശം പ്രായത്തിനനുസരിച്ചു വേർതിരിച്ച പോലെ..രോഗികൾ മാറിമാറി വരുന്നു പക്ഷെ രോഗലക്ഷണങ്ങൾ ഒന്നു തന്നെ. അപ്പോൾ രോഗി പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നൊന്നും ഓർക്കാറില്ല. കൊറോണ എന്ന രോഗത്തെക്കാളും രോഗിക്കായിരുന്നു ഞങ്ങളുടെ മുൻപിൽ മുൻഗണന. പ്രോട്ടോകോൾ അനുസരിച്ചു രോഗീ സമ്പർക്കം പരമാവധി കുറക്കണം എന്നൊക്കെയാണ് , പക്ഷെ പലപ്പോഴും ഇതു സാധ്യമാകാറില്ല . പ്രത്യേകിച്ചും nurses & HCA ‘ ന് . രോഗിയുടെ oxygen ലെവലും പനിയും രക്തസമ്മർദ്ദവുമെല്ലാം ഇടക്കിടെ നോക്കണം . പിന്നെ injections , blood , cannula , nebulization ഇതിനൊക്കെ രോഗിയുടെ അരികെ ചെല്ലണം. രക്തത്തിൽ oxygen കുറയുന്നതിനനുസരിച്ചു കൂട്ടികൊടുക്കണം . അനുവദിച്ചതിലും അളവിൽ കൂടുതൽ വേണ്ടി വന്നാൽ ഉത്തരവാദിത്വപ്പെട്ടവരെ വിവരമറിയിച്ചു ITU ഇലോട്ടു മാറ്റണം .
കൊറോണ എന്ന അദൃശ്യ ശത്രുവിനോട് മുട്ട് മടക്കിയവർ ഒത്തിരി പേരുണ്ടായി. ഞങ്ങളുടെ കൺ മുൻപിൽ. വ്യത്യസ്ത രീതികളിലായിരുന്നു അവരുടെ യുദ്ധം. സ്വയം പൊരുതി നിൽക്കാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ further treatment വേണ്ടെന്നു വെച്ചവർ , മരണത്തെ മുന്നിൽ കണ്ടിട്ടും എല്ലാരോടും കളിതമാശ പറഞ്ഞവർ , പടിവാതിൽക്കലെത്തിയ മരണമെന്ന കോമാളിയോട് ചിരിച്ചു കൊണ്ടു നേരിട്ടവർ , ഞാൻ ഇതിനെതിരെ പൊരുതി നിൽക്കുമെന്ന് വെല്ലുവിളിച്ചു ..ഒടുവിൽ തോറ്റു പോയവർ .അവരോടൊപ്പം അവർക്കുവേണ്ടി പോരാട്ടം നയിച്ച എനിക്ക് , ആ മുഖങ്ങളിൽ പ്രതീക്ഷയോടെ തിളങ്ങിയിരുന്ന കണ്ണുകൾ എന്നേയ്ക്കുമായി അടഞ്ഞു പോയത് ..നോക്കി നിൽക്കേണ്ടി വന്നു..
ഓരോ ഷിഫ്റ്റിലും രണ്ടും മൂന്നും മരണങ്ങൾ..മാനസികമായും ശാരീരികമായും തളർന്നു പോവും. രോഗികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി കാണാനാതെ, മിണ്ടാതെ, ജീവിത യാത്രയിൽ വഴി പിരിഞ്ഞു പോവുന്നു. ജീവിതത്തിന്റെ ഭാഗമായവർ, ഒപ്പമുണ്ടായവർ അവസാന നിമിഷത്തിൽ അടുത്തുണ്ടാകണം എന്നാഗ്രഹിച്ചിട്ടും സാധിക്കാത്ത നിസ്സഹായാവസ്ഥ..കാണേണ്ടി വരുമ്പോ.. ഹൃദയഭേദകമായ നിമിഷങ്ങളാണത്.. പ്രിയപ്പെട്ടവർ ഈ ലോകത്തിൽ നിന്നും യാത്ര പിരിഞ്ഞു പോയി എന്നു ബന്ധുക്കളോട് ഫോണിലൂടെ പറയേണ്ടി വരുന്നതും.., ഭീകരമാണ് . ഈ പോവുന്നവർ ആരുടെയൊക്കെയോ പ്രിയപ്പെട്ടവരാണ് … ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവർ… മനസ്സും തൊണ്ടയും ഇടറി ആ യാഥാർഥ്യം അവരോടു പറയുമ്പോൾ ഫോണിന്റെ അങ്ങേത്തലക്കൽ നിന്നും കരച്ചിലിന്റെ ഒരു ഇടവപ്പാതി തുടങ്ങിയിട്ടുണ്ടാവും . അവരെ ആശ്വസിപ്പിക്കാൻ പാടുപെടുന്ന സമയത്തു പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . English തന്നെയാണ് അതിനു പറ്റിയ ഭാഷയെന്ന്. Sorry , take care , stay safe ഇതിൽ എല്ലാം പറഞ്ഞൊതുക്കും.
ഈ വലിയ നൊമ്പരങ്ങളുടെ ഇടവേളകളിൽ ആനന്ദം തരുന്ന കുറെ നല്ല നിമിഷങ്ങളുമുണ്ടായി. രോഗം ഭേദമായെന്ന തിരിച്ചറിവിന്റെ ആശ്വാസത്തിൽ ഉറ്റവരെയും പ്രിയമുള്ളവരെയും കാണാൻ പോവുന്നതിന്റെ ആഹ്ലാദം കൊണ്ട് കണ്ണുകളിൽ ജീവിക്കാനുള്ള ആവേശം പ്രതിഫലിച്ചവർ. ജീവിതം തിരിച്ചു പിടിച്ചതിന്റെ, ഒരു യുദ്ധം ജയിച്ച പോരാളിയെപ്പോലെ ഹോസ്പിറ്റലിൽ നിന്ന് അവർ പോവുന്നത് കാണുമ്പോൾ, ആ അദൃശ്യ ശത്രുവിന് നേർക്ക് കൊഞ്ഞനം കുത്താൻ എനിക്കപ്പോഴെല്ലാം തോന്നിയിട്ടുണ്ട് .
ദിവസങ്ങളായുള്ള ശരീരവേദനയും തലവേദനയും ഗൗനിക്കാതെയാണ് ഞാനും ഡ്യൂട്ടിക്കു പൊയ്ക്കൊണ്ടിരുന്നത്. ആ രോഗാണുക്കളെ വഹിക്കുന്നുണ്ടെന്ന് അറിയാമായിരുന്നിയിട്ടും മനസ്സ് പടച്ചട്ടയാക്കി.. ഒരു ദിവസം ഡ്യൂട്ടിക്കിടയിൽ വല്ലാത്ത അസ്വസ്ഥത തോന്നി. കൈകാലുകൾ തളർന്നു പോവുന്നു. മുഖമാകെ വിളറി വെളുത്തു. കൂടെയുള്ളവരോട് വിവരം പറഞ്ഞു. പനി നോർമൽ ആയിരുന്നു .. എങ്കിലും വീട്ടിൽ പോവാൻ അനുമതി കിട്ടി. വീട്ടിൽപാൽ ഇല്ല എന്ന് പറഞ്ഞപ്പോൾ കൂടെയുള്ളവർ എവിടുന്നോ ഒരു ബോട്ടിൽ പാൽ വാങ്ങി തന്നു വിട്ടു. ഏഴ് ദിവസത്തേക്ക് ഹോം ഐസൊലേഷൻ. എങ്ങിനെയോ കുളിച്ചു വസ്ത്രങ്ങളെല്ലാം മാറ്റി. വീട്ടിലേക്ക് നടന്നു . 8 മിനിറ്റ് മാത്രം ദൂരമുള്ള വഴി ഒരു മണിക്കൂറിലേറെയുണ്ടെന്നു തോന്നിച്ചു ..നാട്ടിൽ വീട്ടുകാരോടും അടുത്ത സുഹൃത്തുക്കളോടും വിളിച്ചു പറഞ്ഞു … ബെഡിൽ കിടന്നതേ ഓർമ്മയുള്ളൂ.. ഉണർന്നപ്പോൾ രാത്രി ഏറെ വൈകിയിരുന്നു.. ജനലുകളും അകത്തെ വാതിലികളുമെല്ലാം തുറന്നു കിടക്കുകയായിരുന്നെന്ന് അപ്പോഴാണ് അറിഞ്ഞത് . എണീറ്റ് ചെന്ന് എല്ലാം അടച്ചു. കുറച്ചു ചൂടു വെള്ളം കുടിച്ചു പിന്നെയും കിടക്കയിലേക്ക്.
പിറ്റേന്ന് രാവിലെ ശരീരമാകെ നല്ല വേദന പൊതിഞ്ഞിരുന്നു. അസഹ്യമായ തൊണ്ട വേദനയും തലവേദനയും. പാരസെറ്റമോൾ കഴിച്ചു. അൽപം കോൺഫ്ളക്സ് ഉണ്ടായിരുന്നത് കഴിച്ചു. വല്ലാത്ത ക്ഷീണം .തനിയെ ഉറങ്ങി പോകുന്നു …ഞാനറിയാതെ തന്നെ. ഗുളിക കഴിക്കാൻ മടിയുള്ള ഞാൻ നാലഞ്ച് മണിക്കൂർ കൂടുമ്പോൾ പാരസെറ്റമോൾ തുടർച്ചയായി കഴിക്കാൻ തുടങ്ങി . അതിന്റെ ഇടവേളകളിൽ ആശ്വാസം തോന്നി തുടങ്ങി . പാരസെറ്റാമോളിനു ഇത്രേം effect ഉണ്ടെന്നു ആ ദിവസങ്ങളിൽ ബോധ്യമായി. തനിച്ചിരുന്ന പകലുകളിൽ മടുപ്പകറ്റാൻ വരച്ചും വായിച്ചുമിരുന്നു. ഭക്ഷണത്തിനു രുചിയില്ലാതായി. കാപ്പിയും ചൂടുവെള്ളവും ഒരു വ്യത്യാസവും തോന്നിയില്ല. അതുകൊണ്ടു തന്നെ പാചകം വെറും വാചകമായി മാറി. കോൺഫ്ളക്സിനു മാത്രം രുചി തോന്നിയതിൽ ഞാൻ ആശ്വസിച്ചു . അറിഞ്ഞവരൊക്കെ ഇടയ്ക്കിടക്ക് അന്വേഷിച്ചു കൊണ്ടിരുന്നു . എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചാൽ എത്തിച്ചു തരാമെന്ന് സന്നദ്ധത അറിയിച്ചവരോട് വാക്കുകളിൽ ഒതുക്കാത്ത നന്ദിയും സ്നേഹവും ജാതിയുടെയോ, വർണ്ണത്തിന്റേയോ, രാജ്യത്തിന്റെയോ മതിൽ കെട്ടുകളില്ലാതെ സഹായ ഹസ്തം നീട്ടിയവർ എന്റെ ധൈര്യമായി.
പനി ഇടയ്ക്ക് വന്നു പോയിക്കൊണ്ടിരുന്നു . ടെസ്റ്റ് ചെയ്യാൻ ഇവിടെ പരിമിതികൾ ഉള്ളതുകൊണ്ട് വീട്ടിൽ തന്നെ കഴിഞ്ഞു കൂടി. അന്നേരം നമ്മുടെ കൊച്ചു കേരളത്തെയോർത്തു അഭിമാനിച്ചു . ഒരു സഹപ്രവർത്തകക്കും കൊറോണ സ്ഥിരീകരിച്ചതറിഞ്ഞപ്പോൾ , എന്തേലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണം എന്ന് പറഞ്ഞു പോന്ന ഞാൻ നിസ്സഹായയായി .
അദൃശ്യമായ ആ ശത്രു വൈറസിനോടുള്ള പോരാട്ടം തുടരുകയാണ് . ഇടയ്ക്കു ശരീരത്തിനും മനസ്സിനും വല്ലാത്തൊരു മരവിപ്പ് കയറും പോലെ..പിന്നെയത് ജയിക്കണമെന്ന ദൃഢനിശ്ചയമായി മാറും. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽ പാലത്തിലൂടെ പോവുന്ന പോലെ . ഭയം എന്നെയും ചുറ്റുമുള്ളവരെയും ഗ്രസിച്ചിരിക്കുന്നു . ഉറക്കം വിട്ടകന്നു പോയിരിക്കുന്നു . കണ്ണടച്ചാൽ ദുഃസ്വപ്നങ്ങൾ . മരണത്തെ മുന്നിൽ കണ്ടു കൊണ്ടു കിടക്കുന്നവരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ… മരണത്തോട് ജയിക്കാനാവാതെ നിസ്സഹായായവർ ….. പല രോഗികളും അകാലത്തിൽ ജീവനറ്റു വീഴുന്നു… ഒത്തിരിയൊത്തിരി കാലം ഇനിയും തുടരേണ്ടവർ.
എനിക്കും സഹപ്രവർത്തകർക്കും ചുറ്റിലും ഭയത്തിന്റെയും ആശങ്കയുടെയും നിഴലുകൾ.സ്വന്തം ജീവനേക്കാളേറെ കുടുംബാംഗങ്ങളെയോർത്തു വേദനിക്കുന്നു എല്ലാവരും. തങ്ങൾ മൂലം അവർക്കു ഒന്നും വരുത്തരുതേ എന്നായി പ്രാർത്ഥന.ഈ പോരാട്ടത്തിൽ ശത്രുവിനെ കീഴടക്കിയേ തീരു . എവിടെയോ ഇരുന്നു കൈ കൊട്ടി പരിഹസിക്കുന്നുണ്ട് എന്ന് മാത്രമറിയാവുന്ന ശത്രുവിനോടാണ് യുദ്ധം …. വീണ്ടും ജോലിയിൽ തിരികെ കയറുകയാണ് ഞാൻ ..ഒത്തിരി പേരുടെ പ്രാർത്ഥന എനിക്കൊപ്പമുണ്ടെന്ന് അറിയാം. ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകരോടൊപ്പം ചേർന്ന് അഭിമാനത്തോടെ, പ്രാർത്ഥനയോടെ ഈ വൈറസ് യുദ്ധത്തിൽ ഞാനും കൈകോർക്കുന്നു.. .. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും..തീർച്ച…
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല