സ്വന്തം ലേഖകൻ: കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ നാലു ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലേറെ പേർ. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രയ്ക്കു സന്നദ്ധരായവരാണ് ഇവരെല്ലാവരും. രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്.
മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും സുഗമവുമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിൽ അധികൃതരെ സഹായിക്കുന്നതിനു വേണ്ടിയാണ് പ്രവാസികളുടെ വിവരശേഖരണം നടത്തിയതെന്ന് ദുബൈ കെ.എം.സി.സി അറിയിച്ചു. പദ്ധതി പ്രവാസികളിൽ വമ്പിച്ച പ്രതികരണവും പ്രതീക്ഷയുമാണ് ഉളവാക്കിയതെന്ന് കെ.എം.സി.സി നേതാക്കൾ അറിയിച്ചു. തയാറാക്കിയ ലിസ്റ്റ് കേന്ദ്രസർക്കാരിന് സമർപ്പിക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽ ഉൾക്കൊള്ളാനാവുന്ന ആളുകളുടെ എണ്ണം, വന്നിറങ്ങുന്ന എയർപോർട്ട് തുടങ്ങി സർക്കാരുകൾക്കും, പ്രാദേശിക ഭരണക്കൂടത്തിനും ആവശ്യമായ തയ്യാറടുപ്പുകൾക്ക് വേണ്ട അറിയിപ്പുകൾ മുൻകൂട്ടി നല്‍കുന്നതിനും പ്രയോറിറ്റി ട്രാവൽ ലിസ്റ്റിലെ വിവരങ്ങൾ സഹായകമാകും.വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ, മുതിർന്ന പൗരൻമാർ, അവരുടെ കുടുംബങ്ങൾ, തുടർപഠനം കേരളത്തിൽ നടത്തേണ്ട വിദ്യാർത്ഥികൾ, ചികിത്സകൾക്ക് വേണ്ടി കേരളത്തിലെത്തേണ്ടവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളും ലിസ്റ്റിലുണ്ട്.
വിമാന സർവീസ് അനുമതി ലഭിച്ചാൽ, അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാൻ കാറ്റഗറി ലിസ്റ്റായും ഇതു പ്രയോജനപ്പെടും. ഈ വിവരങ്ങൾ ശ്രദ്ധയിൽപ്പെടുത്തി കേന്ദ്ര സർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനും അടിയന്തര യാത്രാനടപടികൾ നേടിയെടുക്കാൻ പ്രവാസിസമൂഹത്തെ പിന്തുണക്കുന്നവർക്കു കൃത്യമായ വിവരങ്ങൾ നൽകാനുമാണ് ഈ റിപ്പോർട്ട് സമർപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.എം.സി.സി അറിയിച്ചു.
സൗദിയില്‍ ഇന്ന് മൂന്ന് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണ സംഖ്യ 139 ആയി. ഇന്ന് മാത്രം 1223 പേര്‍ക്ക് പുതുതായി അസുഖം സ്ഥിരീകരിച്ചു. ഇതോടെ സൌദിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17522 ആയി. 115 പേര് ഗുരുതരാവസ്ഥയിലുണ്ട്. 15026 പേരാണ് നിലവില്‍ ചികിത്സയില്‍. ഇന്ന് 142 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആകെ 2357 പേര്‍ക്കാണ് രോഗമുക്തി.
അസുഖം സ്ഥിരീകരിച്ചവരില്‍ എണ്‍പത് ശതമാനത്തിലേറെയും വിദേശികളാണ്. കഴിഞ്ഞ ദിവസകളില്‍ ലേബര്‍ ക്യാമ്പുകളും താമസകേന്ദ്രങ്ങളും കേന്ദ്രീകരിച്ചെടുത്ത സാമ്പിളുകളുടെ ഫലം കൂടിയാണ് പുറത്ത് വരുന്നത്. രാജ്യത്തെ നേരത്തെ അടച്ചു പൂട്ടിയ പ്രത്യേക മേഖലകളിലും കിഴക്കന്‍ രണ്ട് ഗവര്‍ണറേറ്റുകളിലും കര്‍ഫ്യൂ തുടരുകയാണ്. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് നിലവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരണമോ എന്ന കാര്യത്തില്‍ ഭരണകൂടം തീരുമാനിക്കും.
യു എ ഇയിൽ ഇന്ന് അഞ്ച് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 76 ആയി. ഇന്ന് 536 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം കോവിഡ് ബാധിതരുടെ എണ്ണം പതിനായിരം പിന്നിട്ടു. 10,349 പേർക്കാണ് ഇതുവരെ യു എ ഇയിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ, ഇവരിൽ 1,978 പേർക്ക് രോഗം പൂർണമായും സുഖപ്പെട്ടിട്ടിട്ടുണ്ട് എന്നതിനാൽ നിലവിൽ ചികിൽസയിൽ തുടരുന്ന ആക്ടീവ് കേസുകൾ 8,371 ആണ്. ഇന്ന് 91 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, പുതുതായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം ദിവസവും ഉയരുന്നത് പ്രവാസി സമൂഹത്തിൽ ആശങ്ക പടർത്തുന്നുണ്ട്.
കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ദുബായിൽ മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഇന്ന് പുലർച്ചെ ദുബായിൽ വെച്ച് മരിച്ചത്. ദുബായിൽ ഹോട്ടൽ മാനേജരായ ഇദ്ദേഹം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
ഗൾഫ് നാടുകളിലാകെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 18 മലയാളികളാണ്. 24 മണിക്കൂറിനിടെ യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചിരുന്നു. തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി ബി. രാജബാലൻ നായർ (71) ന്യൂയോർക്കിലും തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കൽ വീട്ടിൽ അബ്ദുൾഹമീദ് (47) ദുബായിലുമാണ് മരിച്ചത്.
183 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ കുവൈത്തിൽ കോവിഡ് കേസുകളുടെ എണ്ണം 3075 ആയി. പുതിയ രോഗികളിൽ 53 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1557 ആയി.
കോവിഡ് ബാധിച്ചു തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 57 വയസ്സുള്ള ഇറാൻ പൗരനാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ഇരുപതായി.
ചികിത്സയിലായിരുന്നു 150 പേർ രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്സ്വബാഹ് രാവിലെ അറിയിച്ചിരുന്നു . ഇതുവരെ 806 പേർക്കാണ് അസുഖം ഭേദമായത്. നിലവിൽ 2249 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 61 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഖത്തറില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പുതുതായി 929 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,287 ആയി. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
അതെ സമയം രോഗം ഭേദമാകുന്നവരുടെ എണ്ണവും കുത്തനെ കൂടി. 83 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവര്‍ 1012 ആയി. 2584 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗ പരിശോധന നടത്തിയതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല