സ്വന്തം ലേഖകൻ: ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ റജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. www.norkaroots.org എന്ന വെബ് സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ക്വാറന്റീൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം റജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല.
കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റീൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ റജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സിഇഒ അറിയിച്ചു.
കോവിഡ് 19 വ്യാപകമായതോടെ തിരികെ വരുന്നവര്‍ക്ക് ആവശ്യമായ സൌകര്യം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളുടെ സമീപത്തും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വിമാന സര്‍വ്വീസ് തുടങ്ങിയാല്‍ മൂന്ന് മുതല്‍ അഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനുള്ളില്‍ മടങ്ങി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. ഇവരില്‍ 9600 മുതല്‍ 27600 വരെ പ്രവാസികളെ നിരീക്ഷണത്തില്‍ വയ്ക്കുകയും ബാക്കിയുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയും വരും.
വിസിറ്റിങ് വിസയില്‍ കാലാവധി കഴിഞ്ഞ് വിദേശത്തുള്ളവര്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതര്‍ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. വിദേശത്ത് കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളേയും നാട്ടിലെത്തിക്കാനുള്ള ക്രമീകരണമുണ്ടാക്കും.
രോഗലക്ഷണമില്ലാത്തവരെ നേരിട്ട് വീടുകളിലേക്ക് അയക്കും. 14 ദിവസം ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം. തിരികെ വരുന്നവരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വരരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണനയൊന്നും ലഭിക്കില്ലെന്നും അതുകൊണ്ട് രജിസ്ട്രേഷന് തിരക്ക് കൂട്ടരുതെന്നും നോര്‍ക്ക അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല