സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന പ്രവാസികൾക്കായി വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എംബസികളുടെയും കോൺസുലേറ്റുകളുടെയും ഔദ്യോഗിക വെബ് സൈറ്റുകൾ വഴി പ്രവാസികൾക്ക് രജിസ്ട്രർ ചെയ്യാം.
പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്ട്സ് വഴിയും രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ഇതിന് പുറമെയാണ് എംബസികൾ വഴിയുള്ള രജിസ്ട്രേഷൻ. യുഎഇ, സൗദി എംബസികൾ ബുധനാഴ്ച മുതൽ രജിസ്ട്രേഷനായുള്ള ഫോമുകൾ വെബ്സൈറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
വിവര ശേഖരണം ആരംഭിച്ചെങ്കിലും രാജ്യത്തേക്ക് പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള തീരുമാനം ഒന്നും വന്നിട്ടില്ലെന്ന് എംബസികളുടെയും കോൺസുലേറ്റുകളുടെയും വെബ് സൈറ്റുകളിൽ പറയുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും എംബസികൾ വ്യക്തമാക്കി.
നാട്ടിലേയ്ക്ക് തിരിച്ചുപോകാനായി നോർക്കയിൽ പേര് റജിസറ്റർ ചെയ്ത കേരളീയരും എംബസിയിൽ റജിസ്റ്റർ ചെയ്യേണ്ടതാണെന്ന് യുഎഇയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കി. ലേബർ ക്യാംപുകളിലുള്ളവരെയും മറ്റും റജിസ്ട്രേഷൻ നടപടികൾക്കായി സാമൂഹിക സംഘടനകളും വ്യക്തികളും സഹായിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഎഇയിൽ ദുബായ് കോൺസുലേറ്റിന്റെ വെബ്സൈറ്റിൽ (cgidubai.gov.in) പ്രവാസികൾക്കുള്ള രജിസ്ട്രേഷൻ ഫോം ലഭ്യമാണ്. സൗദിയിലെ ഇന്ത്യൻ എംബസിയും (eoiriyadh.gov.in) രജിസ്ട്രേഷൻ ഫോം ലഭ്യമാക്കിയിട്ടുണ്ട്. പേര് പാസ്പോർട്ട് നമ്പർ അടക്കമുള്ള പ്രാഥമിക വിവരങ്ങൾക്കൊപ്പം ഇന്ത്യയിലേക്ക് മടങ്ങാനുള്ള കാരണവും ഫോമുകളിൽ വ്യക്തമാക്കണം.
ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങൾ എന്ന് പുനരാരംഭിക്കും എന്ന കാര്യത്തിൽ തീരുമാനമൊന്നും വന്നിട്ടില്ലെന്ന് ദുബൈയിലെയും റിയാദിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വ്യക്തമാക്കി. പ്രവാസി കുടുംബങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ താൽപര്യപ്പെടുന്ന ഓരോ അംഗങ്ങളും പ്രത്യേകം ഫോമുകളിൽ പേര് ചേർക്കണം. കമ്പനികളിൽ ഓരോ ജീവനക്കാർക്കും പ്രത്യേകം രജിസ്ട്രർ ഫോമുകളാണ്.
പ്രവാസികളെ തീരിച്ചെത്തിക്കുന്നതിലും വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിലും കേന്ദ്രസർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ വെബ്സൈറ്റിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അറിയിക്കുമെന്നും റിയാദിലെയും ദുബായിലേയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല