ഫാ. ടോമി എടാട്ട് (പ്രെസ്റ്റൻ): യുകെയിൽ കൊറോണവൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ബോസ്റ്റണിലെ അനൂജ് കുമാറിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആദരാഞ്ജലികൾ. അനൂജ് കുമാറിന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന ജീവിതപങ്കാളി സന്ധ്യയുടെയും മക്കൾ അകുലിന്റെയും ഗോകുലിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തൻ്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
കോവിഡ് ലക്ഷണങ്ങൾ ആരംഭിച്ച് വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന അനൂജ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ബോസ്റ്റണിലും ലസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുകയായിരുന്നു. കോട്ടയം ജില്ലയിൽ വെളിയന്നൂർ കുറ്റിക്കോട്ട് കുടുംബാംഗമായ അനൂജ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ലസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിൽ വച്ച് മരണമടയുന്നത്.
ലോകം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കോവിഡ് ബാധിച്ച രോഗികൾക്കുവേണ്ടി സ്വന്തം ജീവൻ തൃണവൽഗണിച്ചു സേവനം ചെയ്ത അനൂജ് കുമാർ തന്റെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നു. അനൂജിന്റെ കുടുംബത്തെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതായും പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതായും തന്റെ അനുശോചന സന്ദേശത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
ഫാ. ടോമി എടാട്ട്
പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല