ദമ്മാം: കോവിഡ് -19 അസുഖം ദിവസം കൂടുംതോറും വർദ്ധിയ്ക്കുന്ന അവസ്ഥയിൽ, ആരോഗ്യപ്രതിസന്ധിയും, സാമ്പത്തികപ്രതിസന്ധിയും മൂലം മാനസിക സമ്മർദ്ദത്തിലായി കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസികൾക്ക്, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ടെലി കൗൺസലിങ് സേവനങ്ങൾ ഏറെ ആശ്വാസം നൽകുന്നു. തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ, സൗദി അറേബ്യയിലെ നൂറുകണക്കിന് പ്രവാസികൾക്കാണ്, നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ വിദഗ്ദരായ കൗൺസിലർമാർ, ടെലി കൗൺസലിങ് നടത്തിയത്.
ടിറ്റോ ജോണി കണ്ണാട്ടിന്റെ നേതൃത്വത്തിൽ ആറു വനിതകളും ആറു പുരുഷന്മാരും അടങ്ങുന്ന ടീമിനെയാണ് നോർക്ക ടെലികൗൺസലിങ് സേവനങ്ങൾക്ക് ഏർപ്പാടാക്കിയത്. കൗണ്‍സിലിങ്ങിൽ വിദഗ്ദ്ധപരിശീലനം നേടിയിട്ടുള്ള, ടിറ്റോ ജോണി കണ്ണാട്ട്, ആൻസി ജോർജ്ജ്, ബിന്ദ് ബേബി, ബിനീഷ വിനയൻ, ദിജു ചിറയത്ത് ജോയ്, കുര്യൻ ജോൺ, റെജി ചെറിയാൻ, സീനമോൾ ജോസഫ്, സീമ മാത്യു, സ്വീറ്റി ഡേവിസ്, ഷാജി പി ജോസഫ്, ടിറ്റോ ജോണി കണ്ണാട്ട്, ടോജി കുര്യൻ എന്നീ പന്ത്രണ്ടു കൗൺസിലർമാർ ആണ് നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ടെലി കൗൺസലിങ് ടീമിൽ ഉള്ളത്. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ നോർക്ക ലീഗൽ കൺസൾറ്റൻറ് ആയ അഡ്വക്കേറ്റ് വിന്‍സന്‍ തോമസ് ആണ് ടെലി കൗൺസലിങ് സേവനങ്ങളെ ഏകോപിപ്പിയ്ക്കുന്നത്.
സൗദിയിലെ അങ്ങോളമിങ്ങോളമുള്ള മാനസികസമ്മർദ്ദം നേരിടുന്ന, കോവിഡ് ബാധിച്ചവരും, അല്ലാത്തവരുമായ വനിതകൾ ഉൾപ്പെടെയുള്ളവർ, ദിവസവും നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ടെലി കൗൺസലിങ് വിഭാഗത്തിലേക്ക് ഫോൺ വിളിച്ചു സംസാരിയ്ക്കുന്നുണ്ട്. അതോടൊപ്പം, രോഗം ബാധിച്ച പ്രവാസികളെക്കുറിച്ച് വിവരം നോർക്ക ഹെൽപ്പ്ഡെസ്ക്കിൽ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, അവരെ അങ്ങോട്ട് ഫോൺ ചെയ്തും കൗൺസിലിങ് നൽകുന്നുണ്ട്. അവരുമായി സംസാരിച്ച്, വ്യക്തമായ രോഗത്തെക്കുറിച്ചുള്ള അവരുടെ പേടി മാറ്റി, മാനസികമായ പിരിമുറുക്കം ഇല്ലാതാക്കി, മാനസികാരോഗ്യം വീണ്ടെടുക്കാൻ ഉള്ള ശ്രമമാണ് ടെലികൗൺസിലർമാർ നൽകുന്നത്. അതോടൊപ്പം വിളിയ്ക്കുന്ന ഓരോ വ്യക്തിയെയും, അവരുടെ അവസ്ഥയ്ക്കനുസരിച്ചു തുടർകൗൺസിലിംഗ് സെക്ഷനുകളും പിന്നീടും നടത്താറുണ്ട്. പലപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിൽ കഴിയുന്ന പ്രവാസികൾക്ക് ഈ കൗൺസലിങ് സെഷനുകൾ നൽകുന്ന ആശ്വാസം വളരെ വലുതാണ്.
ഏതു മാനസിക സമ്മർദ്ദത്തിൽകൂടി പോകുന്ന പ്രവാസിയായാലും, ഒട്ടും മടിയ്ക്കാതെ നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ ടെലി കൗൺസലിങ് വിഭാഗത്തിലേക്ക് വിളിച്ചു സംസാരിയ്ക്കണമെന്ന് അഡ്വക്കേറ്റ് വിന്‍സന്‍ തോമസ് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല