വിചിത്രമായ മാനസികാവസ്ഥയില്‍ രോഗികളെ വിഷം കുത്തിവച്ചെന്ന് സംശയിക്കുന്ന വനിതാ നഴ്സിനെ കുടുക്കാനാകാതെ ബ്രിട്ടീഷ് പൊലീസ് വലയുന്നു. കഴിഞ്ഞ ആറാഴ്ചയായി പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇവരെ വെറുതെ വിടാന്‍ കോടതി ഉത്തരവിട്ടു. ഇവരെ ശിക്ഷിക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് കോടതിയുടെ നിലപാട്. എന്നാല്‍ അന്യായമായി തന്നെ അറസ്റ്റ് ചെയ്ത പൊലീസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഈ നഴ്സ്.
ഏകദേശം നാല്‍പ്പതിലേറെ രോഗികളില്‍ ഇവര്‍ വിഷം കുത്തിവച്ചിട്ടുണ്ടാകുമെന്നും നാലു പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നുമാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, ഇവര്‍ക്കെതിരെ തെളിവുകള്‍ ഇല്ലാത്തതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.
സ്റ്റോക്ക് പോര്‍ട്ടിലെ സ്റ്റെപ്പിംഗ്ഹില്‍ ആശുപത്രിയില്‍ തുടര്‍ച്ചയായി നടന്ന ഏഴ് മരണങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണമാണ് റെബേക്ക ലെയ്റ്റണ്‍ എന്ന നഴ്സിലേക്കെത്തിയത്. എന്നാല്‍ തങ്ങള്‍ ഇതുവരെ അന്വേഷിച്ചതില്‍ ഏറ്റവും കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന കേസാണ് ഇതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് തന്നെ സമ്മതിക്കുന്നു. ആശുപത്രിയിലെ ഇന്സുലിനില് വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈ 20നാണ് ഇവര്‍ അറസ്റ്റിലായത്.
ചെഷെയറിലെ സ്റ്റൈല്‍ വനിതാ തടവറയില്‍ താന്‍ അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങള്‍ക്കും അറസ്റ്റ് മൂലം തന്റെ നഴ്സിംഗ് കരിയര്‍ അവസാനിച്ചതിനും പൊലീസ് മറുപടി പറയേണ്ടി വരുമെന്ന് ഇവര്‍ വ്യക്തമാക്കി. എന്നാല്‍ നഴ്സ് കുറ്റവിമുക്തയാണെന്ന് വന്നതോടെ രാജ്യത്തെ പൊലീസും പ്രോസിക്യൂഷനും പ്രതി സ്ഥാനത്ത് നില്‍ക്കുകയാണ്. ലെയ്റ്റണിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം പൊലീസിന് തുടരാമെന്ന് ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് അറിയിച്ചു. ജൂണ്‍ ഒന്നിനും ജൂലൈ 16നും ഇടയിലാണ് രോഗികളില്‍ വിഷാംശം കലര്‍ന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ലെയ്റ്റണ്‍ മാത്രമാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസെത്തിയത്.
സൂചികൊണ്ട് കേടായ ഒരു ഉപ്പ് ബാഗില്‍ നിന്ന്് ലെയ്റ്റണിന്റെ വിരലടയാളം ലഭിച്ചതോടെയാണ് ഇവരാണ് പ്രതിയെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഈ സൂചിയില്‍ നിന്നാണ് വിഷാംശം കലര്‍ന്ന ഇന്‍സുലിന്‍ കണ്ടെത്തിയത്. എന്നാല്‍ ഈ വിരലടയാളം ലെയ്റ്റനെതിരായ തെളിവായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ജഡ്ജി വിലയിരുത്തി.എന്തായാലും ഇനി ലെയ്റ്റണ്‍ പോലീസിനെതിരെ കോടതി കയറിയാല്‍ നഷ്ട്ടപരിഹാരമായി മില്ല്യനുകള് നല്‍കേണ്ടി വരുമെന്നാണ് സൂചന
അതേസമയം ലെയ്റ്റനെ കോടതി വെറുതെ വിട്ടതോടെ കൂടുതല്‍ തെളിവുകള്‍ക്കായി മലയാളികള്‍ ഉള്‍പ്പെടെയുള്ള അഞ്ഞൂറോളം ഹോസ്പിറ്റല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല