സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയേറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ മറ്റ് വഴികൾ തേടുകയാണ് സിനിമാ നിർമ്മാതാക്കൾ. ചിത്രങ്ങൾ പരമാവധി പേരിൽ എത്തിക്കുന്നതിനായി ഓണ്‍ലൈന്‍ റിലീസിനാണ് നീക്കം.
ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയുമാണ് തിയറ്ററുകളിൽ എത്തുന്നതിന് മുമ്പ് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തുക. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റല്‍ റിലീസ് നടക്കുന്നത്.
നവാഗതനായ നുരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിച്ചിരിക്കുന്നത്. അദിതി റാവു ഹൈദരിയാണ് നായിക. നടന് ജയസൂര്യ തന്നെയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്.
വിദ്യാബാലന് മുഖ്യവേഷത്തിലെത്തുന്ന ശകുന്തള ദേവി എന്ന ചിത്രവും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുണ്ട്. അനു മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സന്യ മല്‍ഹോത്ര, അമിത് സാദ്, ജിഷു സെന്‍ഗുപ്ത എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
കീര്‍ത്തി സുരേഷ് നായികയാകുന്ന പെന്‍ഗ്വിനും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുണ്ട്. ജൂണ്‍ 19 നാണ് റിലീസ്. നടന് സൂര്യയുടെ 2 ഡി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച് ജ്യോതിക നായികയായ പൊന്മകള് വന്താല്‍ എന്ന ചിത്രവും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നുണ്ട്. മെയ് 29 നാണ് ചിത്രത്തിന്റെ റിലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല