സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് സ്വർണപ്പണയ വായ്പ നൽകാൻ കെഎസ്എഫ്ഇ. വിദേശത്തു നിന്നു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു ലക്ഷം രൂപയുടെ സ്വർണപ്പണയ വായ്പ നൽകാനാണ് പദ്ധതി. ആദ്യ നാലു മാസം മൂന്നു ശതമാനമാണ് പലിശ. അതിനു ശേഷം സാധാരണ പലിശ നിരക്ക് ഈടാക്കും.
നോർക്ക ഐഡിയുള്ള, ജോലി നഷ്ടപ്പെട്ട് എത്തിയ പ്രവാസികൾക്കും വായ്പയ്ക്ക് അർഹതയുണ്ട്. 10,000 രൂപ വരെയുള്ള സ്വർണപ്പണയ വായ്പ നിലവിലുള്ള പലിശ നിരക്കിൽനിന്ന് 1% കുറച്ച് 8.5 % പലിശയ്ക്ക് ലഭ്യമാക്കും. ചെറുകിട വ്യാപാരികൾക്ക് 11 ശതമാനം പലിശനിരക്കിൽ ഒരുലക്ഷം രൂപ വരെ വായ്പ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറുകിട വ്യാപാരികൾക്ക് 1 ലക്ഷം രൂപ വരെ വായ്പ നൽകും. കാലാവധി 24 മാസം. ഡെയ്ലി ഡിമിനിഷിങ് രീതിയിൽ 11.5 % ആണ് പലിശ. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 11% ആകും പലിശ നിരക്ക്. എഫ്ഡി, ബാങ്ക് ഗ്യാരന്റി, സ്വർണം എന്നിവ ജാമ്യം നൽകുന്നവർക്ക് 10.5% പലിശ.
വ്യാപാരികൾക്ക് 2 വർഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പ നൽകും. ഓരോ ഗ്രൂപ്പിലും 20 പേർ വീതം. എല്ലാ മാസവും നിശ്ചിത തുക എല്ലാവരും അടയ്ക്കണം. 4 മാസത്തിനുശേഷം ആവശ്യക്കാർക്ക് ചിട്ടി വായ്പാ പദ്ധതിയുടെ ഭാഗമായുള്ള തുക മുൻകൂറായി നൽകും. 4 മാസത്തിനുശേഷം തുക കൈപ്പറ്റുന്നവർക്ക് നേരത്തെ എടുക്കുന്ന അംഗങ്ങളേക്കാൾ കൂടുതൽ തുക ലഭിക്കും.
കുടിശ്ശികക്കാർക്ക് ആശ്വാസമായി ജൂൺ 30 വരെ എല്ലാ റവന്യൂ റിക്കവറിയും നിർത്തിവയ്ക്കും. 2019–20 ലെ കുടിശ്ശിക നിവാരണ ഇളവ് പദ്ധതികൾ ജൂൺ 30 വരെ നീട്ടി. പിഴപ്പലിശ ബാധകമായ എല്ലാ പദ്ധതികളുടേയും 2020 മാർച്ച് 31മുതൽ 2020 ജൂൺ 30വരെയുള്ള കാലയളവിലെ തവണകൾക്ക് പിഴപ്പലിശ ഒഴിവാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല