ദക്ഷിണകൊറിയയിലെ ദേഗുവില്‍ കഴിഞ്ഞ ഒമ്പതു ദിവസമായി നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഒടുവില്‍ ഒരു ലോക റെക്കാഡ് പിറന്നു. അവസാനദിനമായ ഇന്നലെ നടന്ന അവസാന മത്സരമായ പുരുഷവിഭാഗം 4 ണ് 100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമാണ് പുതിയ ചരിത്രം രചിച്ചത്.
നെസ്റ്റ് കാര്‍ട്ടര്‍, മിച്ചേല്‍ ഫ്രാറ്റര്‍, യൊഹാന്‍ ബ്ളേക്ക്, സ്പ്രിന്റ്ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് എന്നിവരടങ്ങിയ റിലേ ടീമാണ് പുതിയ റെക്കാഡിനവകാശികള്. 2008 ബെയ്ജിംഗ് ഒളിമ്പിക്സില്‍ ജമൈക്ക തന്നെ സ്ഥാപിച്ച 37.10 സെക്കന്‍ഡിന്റെ റെക്കാഡാണ് തകര്‍ന്നുവീണത്. 37.04 സെക്കന്‍ഡിലാണ് ഇന്നലെ ബോള്‍ട്ടും കൂട്ടരും ഫിനിഷ് ചെയ്തത്. 38.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫ്രഞ്ച് ടീമിനാണ് വെള്ളി. ടെഡിടിന്മാര്, ക്രിസ്റ്റോഫ്, ലേമെട്രേയ്, ലെസോര്ഡ്, ജിമ്മി വിക്കോട്ട് എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി ഓടാനിറങ്ങിയത്. സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് വെങ്കലം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്മാരായിരുന്ന അമേരിക്കയ്ക്ക് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല. മൂന്നാം ലാപ്പിലോടിയ ഡാര്‍വിസ് പാറ്റണ് വാള്ട്ടര്ഡിക്സിന് ബാറ്റണ്‍ കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ബ്രിട്ടന്റെ ഡെവോണിഷുമായി കൂട്ടിയിടിച്ചു വീണതാണ് പ്രശ്നമായത്. ബ്രിട്ടനും ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞില്ല
ഇന്നലെ നടന്ന വനിതാവിഭാഗം 4 ണ് 100 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണം നേടി. ജമൈക്ക വെള്ളിയും ഉക്രൈന് വെങ്കലവും കരസ്ഥമാക്കി. വനിതാ വിഭാഗം 800 മീറ്ററില്‍ നിലവിലെ ചാമ്പ്യനും വിവാദ ദക്ഷിണാഫ്രിക്കന്‍ താരവുമായ കാസ്റ്റര്‍ സെമന്യയെ ഇന്നലെ റഷ്യയുടെ മരിയ സാവിനോവ തോല്പിച്ചു. ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്ന സാവിനോവ ഇന്നലെ 1:55.87 മിനിട്ടില്‍ ഫിനിഷ് ചെയ്തപ്പോള്‍ സെമന്യയ്ക്ക് 1:56.35 മിനിട്ടിലേ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. 2007ലെ ചാമ്പ്യന്‍ കെനിയയുടെ ജാനെറ്റ് ജെപ്കോസ്ഗി 1:57.42 മിനിട്ടില്‍ ഫിനിഷിംഗ് പോയിന്റ് കടന്ന് വെങ്കലത്തിനുടമയായി.
പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പില്‍ നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ഫിലിപ്സ് ഇഡോവുവിനെ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്ലര് അട്ടിമറിച്ചു. 17.96 മീറ്ററാണ് ടെയ്ലര് ചാടിയത്. ഇഡോവുവിന് 17.77 മീറ്ററേ കണ്ടെത്താനായുള്ളൂ. 17.50 മീറ്റര്‍ ചാടിയ അമേരിക്കയുടെ വില്ക്ളേയി വെങ്കലം നേടി. പുരുഷവിഭാഗം 5000 മീറ്ററില്‍ ബ്രിട്ടന്റെ മോഫാറ സ്വര്‍ണം നേടി. വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ 13:23.36 മിനിട്ടിലാണ് ഫാറ ഫിനിഷ് ചെയ്തത്. 13:23.69 മിനിട്ടില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ബര്‍ണാഡ് ലഗാത് വെള്ളിയും 13:23.92 മിനിട്ടില്‍ ഫിനിഷ് ചെയ്ത എത്യോപ്യയുടെ ഗബ്രമെസക്കേല് വെങ്കലവും നേടി. പുരുഷ വിഭാഗം മാരത്തണില്‍ കെനിയയുടെ കിരുയി സ്വര്‍ണവും കിപ്രുട്ടോ വെള്ളിയും നേടി.
12 സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 25 മെഡലുകള്‍ നേടിയ അമേരിക്കയ്ക്കാണ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനം. റഷ്യ 9 സ്വര്‍ണവും നാലു വെള്ളിയും ആറ് വെങ്കലവുമുള്‍പ്പെടെ 19 മെഡലുകളുമായി രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ കെനിയ ഏഴു സ്വര്‍ണവും ആറു വെള്ളിയും നാലു വെങ്കലവുമായി മൂന്നാംസ്ഥാനത്തായി. എട്ട് അത്ലറ്റുകളുമായെത്തിയ ഇന്ത്യയ്ക്ക് മെഡല്‍പ്പട്ടികയില്‍ ഇടം നേടാനായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല