വിദേശത്തുവച്ച് കുറ്റകൃത്യം ചെയ്ത ഇന്ത്യന്‍ പൗരനെ ഇന്ത്യയില്‍ വിചാരണ ചെയ്യാമെന്നു സുപ്രീംകോടതി. ഇത്തരം കേസുകളില്‍ അന്വേഷണ ഏജന്‍സികളില്‍നിന്നു കുറ്റപത്രം സ്വീകരിക്കുന്നതുവരെ വിചാരണ നടപടികള്‍ കൈക്കൊള്ളാമെന്നും വാദം തുടങ്ങുന്നതിനു സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീര്‍, സിറിയക് ജോസഫ്, എസ്.എസ്. നിജ്ജാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
വിദേശ ഇന്ത്യക്കാരനായ ആന്ധ്രാപ്രദേശ് സ്വദേശി തോട്ട വെങ്കിടേശ്വരലുവിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. വിദേശത്തുവച്ചു നടന്ന കുറ്റകൃത്യത്തിന്റെ പേരില്‍ ആന്ധ്രാപ്രദേശിലെ കോടതിക്കു കേസെടുക്കാനോ വിചാരണ നടത്താനോ കഴിയില്ലെന്ന തോട്ട വെങ്കിടേശ്വരലുവിന്റെ വാദം കോടതി തള്ളി.
ബോട്സ്വാനയില് കഴിയവേ തോട്ട വെങ്കിടേശ്വരലു സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നതായി ആരോപിച്ച് ഭാര്യ സുനീത ആന്ധ്രാ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയും കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനെതിരേയാണ് തോട്ട വെങ്കിടേശ്വരലു സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ പൗരന് ഇന്ത്യക്കു പുറത്തുവച്ച് കുറ്റകൃത്യം ചെയ്താല്‍ രാജ്യത്തിനകത്ത് ആ കുറ്റകൃത്യത്തിനെതിരേ സ്വീകരിക്കുന്ന അതേനടപടികള്‍ സ്വീകരിക്കാമെന്നു ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത്തരം കേസുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല