1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2011

ലോക ഒന്നാം നമ്പര്‍ താരം നൊവാക് യൊകോവിച്ചും മുന്‍ ചാമ്പ്യന്‍ റോജര്‍ ഫെഡററും യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ നാലാം റൗണ്ടില്‍ കടന്നു. വനിതകളില്‍ അമേരിക്കയുടെ സെറീന വില്യംസും ഒന്നാം സീഡ് ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്നിയാക്കിയും നാലാം റൗണ്ടിലെത്തിയപ്പോള്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ജോടി ലിയാന്‍ഡര്‍ പെയ്സ്-മഹേഷ് ഭൂപതി സഖ്യം മൂന്നാം റൗണ്ടിലെത്തി. ഇന്ത്യയുടെതന്നെ സോംദേവ് ദേവ്വര്‍മന്‍ -ഫിലിപ്പീന്‍സിന്റെ ട്രീറ്റ് കൊണ്‍റാഡ് ഹേ സഖ്യമാണ് അടുത്ത എതിരാളികള്‍ . റോഹന്‍ ബൊപ്പണ്ണ-പാകിസ്ഥാന്റെ അയിസം ഉള്‍ ഹഖ് ഖുറേശി സഖ്യവും മൂന്നാം റൗണ്ടില്‍ ഇടമുറപ്പിച്ചു.

സീസണിലെ 60-ാം ജയംകുറിച്ചാണ് യൊകോവിച്ച് പ്രി ക്വാര്‍ട്ടറിലെത്തിയത്. ആദ്യ വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന സെര്‍ബിയന്‍ താരം മൂന്നാം റൗണ്ടില്‍ റഷ്യയുടെ നിക്കോളായ് ഡേവ്യദെങ്കോയെ അനായാസം മറികടന്നു (6-3, 6-4, 6-2). ഉക്രയ്ന്റെ അലക്സാണ്ടര്‍ ദോള്‍ഗോപൊലൊവാണ് യൊകോവിച്ചിന്റെ പ്രി ക്വാര്‍ട്ടര്‍ എതിരാളി. അതേസമയം, സ്വിസ് താരം റോജര്‍ ഫെഡറര്‍ നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ക്രൊയേഷ്യന്‍ താരം മരിന്‍ സിലികിനെ കീഴടക്കിയത് (6-3, 4-6, 6-4, 6-2). പ്രി ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ യുവാന്‍ മൊണോകയെയാണ് ഫെഡററര്‍ നേരിടുക. ജര്‍മനിയുടെ ടോണി ഹാസിനെ നാലു സെറ്റ് പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് മൊണോക പ്രി ക്വാര്‍ട്ടറില്‍ എത്തിയത്. എട്ടാം സീഡ് അമേരിക്കയുടെ മാര്‍ഡി ഫിഷ്, പതിനൊന്നാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് ടിസോംഗ എന്നീ താരങ്ങളും നാലാം റൗണ്ടില്‍ ഇടംനേടി. നിലവിലെ ചാമ്പ്യന്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ മൂന്നാം റൗണ്ടില്‍ അര്‍ജന്റീനയുടെ ഡേവിഡ് നല്‍ബന്ദിയാനെ നേരിടും.

പ്രഖുഖ താരങ്ങളില്‍ പലരും പുറത്തായ വനിതാ സിംഗിള്‍സില്‍ മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് അനായാസ ജയത്തോടെയാണ് നാലാം റൗണ്ടില്‍ കടന്നത്. മൂന്നാം റൗണ്ടില്‍ നാലാം സീഡ് വിക്ടോറിയ അസറങ്കെയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ ജയം (6-1, 7-6). പതിനാറാം സീഡ് സെര്‍ബിയയുടെ അന ഇവാനോവികാണ് അടുത്ത എതിരാളി. ഒന്നാം റാങ്കുകാരി കരോളിന്‍ വൊസ്നിയാക്കി റഷ്യയുടെ സ്വെറ്റ്ലാന കുസ്നെറ്റ്സോവയെ നേരിടുമ്പോള്‍ രണ്ടാം സീഡ് വെര സ്വനരേവ ജര്‍മനിയുടെ സബീന്‍ ലിസിക്കിയുമായി ഏറ്റുമുട്ടും. പുരുഷ ഡബിള്‍സില്‍ ജര്‍മനിയുടെ ഫ്ളോറിന്‍ മേയര്‍ -നെതര്‍ലന്‍ഡ്സ് താരം റോജിയര്‍ വാസ്സെന്‍ സഖ്യത്തെയാണ് പേസ്-ഭൂപതി സഖ്യം തോല്‍പ്പിച്ചത് (7-6, 6-2). സോംദേവ്-കൊണ്‍റാഡ് ജോടി അര്‍ജന്റീനയുടെ യുവാന്‍ ഇഗ്നാഷ്യോ ഷേല-എഡ്വാര്‍ഡോ സെവാങ്ക് സഖ്യത്തെ മറികടന്നു (6-3, 6-4). റോഹന്‍ ബൊപ്പണ്ണ-ഖുറേശി സഖ്യം ഓസ്ട്രേലിയയുടെ പോള്‍ ഹാന്‍ലി-ബെല്‍ജിയത്തിന്റെ ഡിക്ക് നോര്‍മാന്‍ കൂട്ടുകെട്ടിനെ നേരിടും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.