അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കയറി അമ്മയെയും മകളെയും കൊലപ്പെടുത്തി നവജാത ശിശുവിനെ തട്ടിയെടുത്ത 21-കാരന്‍ അറസ്റ്റില്‍. അമ്പതുകാരിയായ അമ്മയും ഇരുപത്തിയെട്ടുകാരിയായ മകളുമാണ് ഇന്നലെ വെളുപ്പിന് രണ്ട് മണിയോടെ ഓക്‌സ്‌ഫോര്‍ഡ്‌ഷെയറിലെ തേംസ് സ്ട്രീറ്റില്‍ കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ ഒരു പത്തൊമ്പതുകാരിക്കും കുത്തേറ്റിട്ടുണ്ട്. കൊലപാതകങ്ങള്‍ക്ക് 40 മിനിട്ടുകള്‍ക്കകം തന്നെ പ്രതി അടുത്തുള്ള മാര്‍ക്കറ്റില്‍ നിന്ന് പിടിയിലാകുകയും ചെയ്തു.
ടര്‍ക്കിഷ് വംശജരെന്ന് സംശയിക്കുന്നവരാണ് കൊല്ലപ്പെട്ടത്. അയല്‍വാസികള്‍ക്കാര്‍ക്കും ഇവരെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സംഭവം നടന്ന വീട്ടില്‍ നിന്ന് തെളിവുകളൊന്നും കണ്ടെത്താന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. എന്നാല്‍ പിടിയിലായ യുവാവില്‍ നിന്നും കുത്താന്‍ ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കത്തി കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ ലക്ഷ്യമെന്തായിരുന്നെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
പരിക്കേറ്റ പത്തൊമ്പതുകാരിയുടെ നില അതീവ ഗുരുതരമാണ്. തേംസില്‍ ഐര്‍ട്ടന്‍ കോര്‍ട്ടിലുള്ള വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. രണ്ട് പേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തേംസ് വാലി പൊലീസ് സീരിയസ് ക്രൈംബ്രാഞ്ച് ചീഫ് ഇന്‍സ്‌പെക്ടര്‍ ജോയ് കിഡ്മാന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ആക്രമിക്കപ്പെട്ട സ്ത്രീകളും യുവാവും പരിചയക്കാരാണെന്ന് മാത്രമാണ് തങ്ങള്‍ക്ക് ഇതുവരെ തെളിവു ലഭിച്ചതെന്നും മറ്റാര്‍ക്കും കൊലപാതകങ്ങളില്‍ പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം വെളിപ്പെടുത്തി. പിടിയിലായ യുവാവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ ആരാണെന്ന് അറിയില്ലെന്നും എന്നാല്‍ ഇയാള്‍ ഈ വീട്ടില്‍ താമസിക്കുന്നയാളല്ലെന്നും അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല