സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് സൗദിയിലെ ഇന്ത്യൻ എംബസി കൂടുതൽ വിമാനങ്ങളുടെ പട്ടിക പുറത്തിറക്കി. കേരളത്തിലേക്ക് മൂന്നു വിമാനങ്ങളാണ് ഈ ഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
മേയ് 29 നും 30 നും ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്കും മേയ് 31 ന് റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് വിമാനം. സൗദിയിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യം സുഗമമായി നടക്കുന്നുവെന്നും ഇതുവരെ 11 വിമാനങ്ങൾ രാജ്യത്തു നിന്നു വിവിധ ഇടങ്ങളിലേക്ക് സർവീസ് വിജയകരമായി നടത്തിയതായും എംബസി അറിയിച്ചു.
ദുരിതത്തിലായ തൊഴിലാളികൾ, അടിയന്തര മെഡിക്കൽ സേവനം ആവശ്യമുള്ളവർ, ഗർഭിണികൾ, ഉംറക്ക് എത്തി തിരിച്ച് പോകാനാകാതെ കുടുങ്ങിയവർ എന്നിവർക്കാണ് യാത്രക്കാരുടെ പട്ടികയിൽ മുൻഗണന. നേരത്തെ എംബസി പുറത്തിറക്കിയ ലിങ്ക് വഴി റജിസ്റ്റർ ചെയ്തവരിൽ നിന്ന് മാനദണ്ഡങ്ങൾ പാലിക്കുന്നവരെ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലേക്ക് കൂടാതെ ദമാമിൽ നിന്ന് ശ്രീനഗർ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്ക് യഥാക്രമം മേയ് 31, ജൂൺ 1, 4, 5 തിയ്യതികളിലും റിയാദിൽ നിന്ന് ശ്രീനഗർ, ഹൈദരാബാദ്, ലക്നൗ, ചെന്നൈ എന്നിവിടങ്ങളിലേക്ക് യഥാക്രമം മേയ് 29, 31, ജൂൺ 1, 4 എന്നീ തിയ്യതികളിലും വിമാനങ്ങൾ ഉണ്ടാകും. കൂടാതെ ജൂൺ 2, 4, 6 തിയ്യതികളിൽ ദൽഹി, ശ്രീനഗർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് ജിദ്ദയിൽ നിന്നും വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
ഒമാനിൽ നിന്ന് 28 മുതലുള്ള മൂന്നാം ഘട്ട വിമാന സർവീസുകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. കേരളത്തിലേക്കു പത്തും മറ്റ് ഇന്ത്യൻ സെക്ടറുകളിലേക്ക് അഞ്ചും സർവീസുകളാണ് ഉണ്ടാകുക.
സലാലയിൽ നിന്ന് 3 സർവീസുകൾ. 28: മസ്കത്ത് – കോഴിക്കോട്, സലാല – കണ്ണൂർ, 29: മസ്കത്ത് – കൊച്ചി, 30: മസ്കത്ത്- ജയ്പുർ, മസ്കത്ത് – അഹമ്മദാബാദ്, മസ്കത്ത്- തിരുവനന്തപുരം, 31: സലാല – കണ്ണൂർ, ജൂൺ 1: മസ്കത്ത് – കോഴിക്കോട്, സലാല – കണ്ണൂർ, 2: മസ്കത്ത് – ശ്രീനഗർ, 3: മസ്കത്ത്- ഭുവനേശ്വർ, മസ്കത്ത്- കണ്ണൂർ, 4: മസ്കത്ത് – കൊച്ചി, മസ്കത്ത് – തിരുവനന്തപുരം, 7: മസ്കത്ത്- ചെന്നൈ.
ഗർഭിണികൾ, അടിയന്തര ചികിത്സ വേണ്ടവർ, തൊഴിൽ നഷ്ടപ്പെട്ടവർ, മുതിർന്ന പൗരൻമാർ എന്നിവർക്കാണു മുൻഗണന. എംബസിയിൽ റജിസ്റ്റർ ചെയ്തവരിൽ നിന്നാണു യാത്രക്കാരെ പരിഗണിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല