സ്വന്തം ലേഖകൻ: പ്രവാസികളുടെ ക്വാറന്റീന് ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസികളുടെ ക്വാറന്റീന് ചെലവ് അവരില്‍നിന്ന് ഈടാക്കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്കിടയാക്കിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ക്വാറന്റീന് ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ട്. അവരില്‍നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ആദ്യത്തെ ഏഴു ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് വേണം. അതിന്റെ ചിലവ് വഹിക്കാന്‍ സാധിക്കുന്നവര്‍ വഹിക്കുക എന്നതാണ് സര്‍ക്കാര്‍ കരുതുന്നത്. സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെങ്കില്‍ ഇളവുകള്‍ നല്‍കും. ചികിത്സ സൗജന്യമാണെന്നാണ് നേരത്തെ മുതല്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ചികിത്സയ്ക്കുള്ള ചെലവ് സംസ്ഥാനം തന്നെ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്റീന് എന്നാല്‍ താമസിക്കാനുള്ള സൗകര്യം മാത്രമല്ല. രോഗികള്‍ക്കുള്ള സൗകര്യങ്ങള്‍ക്കൂടി ഒരുക്കേണ്ടതുണ്ട്. ആശുപത്രികളായി മാറുന്ന കേന്ദ്രങ്ങള്‍ അടക്കം ആവശ്യമായിവരും. അത്തരത്തിലുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്തുള്ള ചില സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രാവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് സര്‍ക്കാരിന് ഒരു വിരോധവുമില്ല. സര്‍ക്കാരിന് മുന്‍കൂട്ടി വിവരം ലഭിച്ചാന്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പ്രവാസികളെ എത്തിക്കാനാവുന്നില്ല എന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല