സ്വന്തം ലേഖകൻ: ന്യൂസീലന്‍ഡിലെ ഓക്ലൻഡിൽ താമസിക്കുന്ന എസ്തർ റാഹേൽ എന്ന നാല് വയസ്സുകാരി മലയാളി പെൺകുട്ടിക്ക് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഒരു കത്തയച്ചു. ജസീന്തയെ അനുകരിച്ച് എസ്തർ ചെയ്ത ഒരു വിഡിയോ കണ്ടാണ് പ്രധാനമന്ത്രി ഈ പെൺകുട്ടിയെ അഭിനന്ദനമറിയിച്ച് കത്തയച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം എന്നാണ് എസ്തർ അതിനെ വിശേഷിപ്പിച്ചത്.
കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ കുഞ്ഞ് എസ്തറിനും ആറ് ആഴ്ചയോളം വീട്ടിൽത്തന്നെ ഇരിക്കേണ്ടി വന്നു. കിന്റർഗാർട്ടനില്‍ പോകാനും കഴിഞ്ഞില്ല. കൊറോണയെ തുരത്തിക്കഴിഞ്ഞപ്പോള്‍ എസ്തറിന്റെ പ്ലേസ്കൂളും തുറന്നു. അധ്യാപകരേയും കൂട്ടുകാരേയുമൊക്കെ വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷവുമായി. അപ്പോഴാണ് ജസീന്തയുടെ ലോക്ഡൗൺ തീരുമാനം എത്ര ശരിയായിരുന്നുവെന്ന് എസ്തറിന് തോന്നിയത്.
ലോക്ഡൗൺ സമയത്ത് ജസീന്ത ആർഡേണ്‍ എല്ലാ ദിവസവും ലൈവിൽ വന്നു കൊവിഡ് അപ്ഡേറ്റ് കൊടുക്കുമായിരുന്നു, അത് കുഞ്ഞ് എസ്തറിന് ഒരുപാട് പ്രചോദനമായിരുന്നു. അങ്ങനയിരിക്കെ എസ്തറിന്റെ അമ്മയാണു ചോദിച്ചത്: ‘എന്നാൽ ജസീന്തയെ പോലെ നിനക്കും കോവിഡിനെ പറ്റി രണ്ടു വാക്കു പറഞ്ഞു കൂടേ?’. അത് ശരിയാണെന്ന് എസ്തറിനും തോന്നി. അങ്ങനെ ജസീന്തയെ അനുകരിച്ച എസ്തർ ഒരു തകർപ്പൻ വിഡിയോ ചെയ്തു. അമ്മ അത് ജസീന്തയുടെ ഔദ്യോഗിക ഇമെയിലിലേക്ക് അയച്ചു.
വൈകാതെ എസ്തറിനേയും കുടുംബത്തേയും അതിശയിപ്പിച്ചുകൊണ്ട് ജസീന്തയുടെ കത്ത് എത്തി. ന്യൂസീലന്‍ഡിൽ സിവിൽ എൻജിനീയർമാരായ ദിലു ആന്റണിയുടേയും സുമിത വത്സകുമാറിന്റേയും മകളാണ് എസ്തർ. അഞ്ചു മാസം പ്രായമുള്ള മാർത്ത അമേലിയ എന്ന ഒരു അനിയത്തിയുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല