സ്വന്തം ലേഖകൻ: കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ നാല് മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലത്തിന് തുടക്കമായിരിക്കുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈനെറ്റ് കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ചതായി ശനിയാഴ്ച അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥാ വകുപ്പ് ഇത് നിഷേധിക്കുകയായിരുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുനിന്നും ആരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയെ സമ്പന്ധിച്ചിടത്തോളം പ്രാധാന്യമേറിയതാണ്. ജൂണ്‍ അദ്യ ആഴ്ചയോടെ ആരംഭിക്കുന്ന മണ്‍സൂണ്‍ സെപ്തംബറോടെ രാജസ്ഥാനില്‍നിന്നും പിന്‍വാങ്ങും.
അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തിങ്കളാഴ്ച ഉച്ചകഴിയുന്നതോടെ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച മഴ കനക്കാന്‍ സാധ്യതയുണ്ട്. ഇതിന് മുന്‍കരുതലിനായി ഒമ്പത് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ 48 മണിക്കൂര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല