തലമുതിര്‍ന്ന കാരണവന്മാരും പരിചയസമ്പന്നരും യുവാക്കളുമടക്കമുള്ള താരങ്ങള്‍ കട്ടപ്പുറത്തായ അവസ്ഥയില്‍ ടീം ഇന്ത്യ ഇന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നു. ഇംഗ്ളണ്ടിലെത്തിയ ശേഷം ഒരു ഔദ്യോഗിക മത്സരത്തില്‍ പോലും ജയിക്കാനായിട്ടില്ല എന്ന നാണക്കേടും ചുമലിലേറ്റിയാണ് ടീം ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ലോക ചാമ്പ്യന്മാരുടെ പെരുമയ്ക്കൊത്ത പ്രകടനം ഏകദിനത്തില്‍ ഇന്ത്യയില്‍നിന്നുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ മികച്ച ബാറ്റിംഗ് നടത്തിയെങ്കിലും മഴ ഇന്ത്യയുടെ സാധ്യത തല്ലിക്കെടുത്തി. ഓപ്പണിംഗ് സ്ഥാനത്ത് സച്ചിന്റെയും സെവാഗിന്റെയും അഭാവത്തില്‍ പാര്‍ഥിവ് പട്ടേലും അഞ്ജിക്യ രഹാനയും ഒരിക്കല്‍ക്കൂടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. കരിയറിലെ അവസാന ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്ന രാഹുല്‍ ദ്രാവിഡ് ഒരിക്കല്‍ക്കൂടി തന്റെ പ്രിയപ്പെട്ട പൊസിഷനായ മൂന്നാം നമ്പറില്‍ എത്തും. ആദ്യ ഏകദിനത്തില്‍ വിവാദമായ ഡിആര്‍എസിലൂടെയാണ് ദ്രാവിഡ് പുറത്തായത്.
മധ്യനിരയില്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും നന്നായി കളിച്ചിരുന്നു. ഓപ്പണറായി പാര്‍ഥിവ് പട്ടേലിന്റെ 95 റണ്‍സെടുത്ത പ്രകടനവും പ്രശംസയാര്‍ജിച്ചിരുന്നു. ധോണിയും സുരേഷ് റെയ്നയും ആദ്യ ഏകദിനത്തില്‍ സ്വന്തം പേരു മോശമാക്കിയില്ല. ബൌളിംഗിലേക്കുവന്നാല്‍, പ്രവീണ്‍കുമാറിന്റെ ഫോമാകും നിര്‍ണായകമാകുന്നത്. മുനാഫും ആര്‍.പി സിംഗും വിനയ്കുമാറും പ്രവീണിനു പിന്തുണനല്കിയാല്‍ സതാംപ്ടണിലും ഇന്ത്യ മികച്ചുനില്‍ക്കും.
ടെസ്റില്‍നിന്നു വ്യത്യസ്തമായി ഏകദിനത്തില്‍ ഇംഗ്ളണ്ട് അത്ര ശക്തമായ ടീമൊന്നും അല്ല. അലിസ്റര്‍ കുക്കിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഒരുപിടി മികച്ച താരങ്ങളുണ്െടങ്കിലും സമീപകാലത്തെ അവരുടെ പ്രകടനം മികച്ചതായിരുന്നില്ല. ലോകകപ്പില്‍ അയര്‍ലന്‍ഡിനോടുപോലും അവര്‍ തോറ്റിരുന്നു.
എന്തായായിലും ഇംഗ്ളീഷ് മണ്ണില്‍ ആദ്യമായി ഒരു വിജയം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ പരിക്കും ഫോമില്ലായ്മയും വിനയാകുമോ എന്നു കണ്ടറിയണം. ഇന്ത്യന്‍സമയം വൈകിട്ട് 6.30ന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ ക്രിക്കറ്റ് തത്സമയം സംപ്രേഷണം ചെയ്യും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല