1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2020

സ്വന്തം ലേഖകൻ: ലോകമെങ്ങും മനുഷ്യവംശം ഇതുവരെ കാണാത്ത വിധം നിലനിൽപ്പിനായി ഒരു സൂക്ഷജീവിയുമായി ഏറ്റുമുട്ടുമ്പോഴും മനുഷ്യന്റെ സജമായ ക്രൂരതയ്ക്ക് കുറവില്ല. സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നല്‍കിയതാകാമെന്നാണു വിലയിരുത്തൽ.

ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികളോ വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്ത്തി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. 25ന് പുലർച്ചെയോടെയാണ് ആന നാട്ടിലെത്തിയത്. ചൊവ്വാഴ്ചയാണ് വെള്ളത്തിൽ നിൽക്കുന്ന നിലയിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. എന്നാൽ രക്ഷപ്പെടുത്തുന്നതിനു മുൻപ് ആന ചരിഞ്ഞു. 1997ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിലും സമാനരീതിയിൽ കാട്ടാന ചരിഞ്ഞിരുന്നു.

ആന ഒരു മാസം ഗർഭിണിയായിരുന്നുവെന്ന് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. സൈലന്റ് വാലി വനമേഖലയിൽനിന്നാണ് ആന നാട്ടിലെത്തിയതെന്നാണു വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വനമേഖലയോടു ചേർന്നുള്ള കൃഷിയിടങ്ങൾ, സ്വകാര്യ തോട്ടങ്ങൾ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രധാനമായും കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാൻ കർഷകർ കെണിയൊരുക്കാറുണ്ട്. ഇത്തരത്തിൽ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. അല്ലെങ്കിൽ പുഴയിൽ മീൻ പിടിക്കാനായി വച്ച തോട്ട പൊട്ടി ആനയുടെ വായിൽ മുറിവേറ്റതാകാം. വെള്ളിയാർ പുഴയിലാണ് ചരിഞ്ഞത്.

കാട്ടാനയുടെ ദാരുണാന്ത്യം സമൂഹമാധ്യമങ്ങളിലും ചർച്ചയാണ്. പക്ഷേ എന്നാണ് എവിടെ വച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. കാട്ടാന ശല്യം ഒഴിവാക്കാൻ ആനയെ മാത്രം ലക്ഷ്യം വച്ച് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതാണോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.