സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നതിനെ നേരത്തെ ലോകാരോഗ്യ സംഘടന പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ രോഗവ്യാപനതോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ മാസ്ക്ക് ശീലമാക്കണമെന്ന നിര്‍ദേശം ഡബ്ല്യു.എച്ച്.ഒ ലോകരാജ്യങ്ങള്‍ക്ക് നല്‍കിയത്.
അറുപത് വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരും പുറത്തിറങ്ങുമ്പോള്‍ മെഡിക്കല്‍ മാസ്ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. മറ്റുള്ളവര്‍ നിര്‍ബന്ധമായും ത്രീ ലെയര്‍ മാസ്ക് ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ പൊതുഇടങ്ങളില്‍ ജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.
കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങള്‍ നല്കുന്ന ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ നിര്‍ദേശം. മാസ്ക് ധരിക്കുന്നതിനൊപ്പം കോവിഡിനെ ചെറുക്കാന്‍ എല്ലാവരും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല