1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2020

സ്വന്തം ലേഖകൻ: മൂന്നുമാസ വീസ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാൻ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ഒരു ദിവസം മാത്രം താമസ വീസാ കാലാവധി ഉള്ളവർക്കും യുഎഇയിലേക്ക് മടങ്ങാൻ കഴിയുമെന്ന് കോൺസൽ ജനറൽ വിപുൽ വ്യക്തമാക്കി.

വിദേശ രാജ്യത്തേക്ക് മടങ്ങാൻ മൂന്നു മാസ കാലാവധി നിർബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശത്തിൽ ആശങ്കയും പ്രതിഷേധവും ശക്ത്മായ സാഹചര്യത്തിലാണ് ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ വിശദീകരണം. മടങ്ങാനാകാത്തപക്ഷം നിരവധി ആളുകൾക്ക് ജോലി ഉൾപ്പടെ നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകമായിരുന്നു.

ഇക്കാര്യം കേന്ദ്ര അധികൃതരെ അറിയിച്ചിരുന്നെന്നും പ്രവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് മറുപടി ലഭിച്ചതെന്നും വിപുൽ വ്യക്തമാക്കി. പ്രത്യേകിച്ച് മാർച്ച് ഒന്നിന് ശേഷം താമസ വീസാ കാലാവധി തീർന്നവർക്കു പോലും ഡിസംബർ 31 വരെ സമയപരിധി യുഎഇ സർക്കാർ നൽകിയിട്ടുണ്ട്.

ഇതിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം എമിഗ്രേഷൻ അധികൃതരെ അറിയിക്കുമെന്നും പ്രവാസികൾ ഭയപ്പെടേണ്ടതില്ലെന്നും വിപുൽ വ്യക്തമാക്കി.

യുഎഇയോടൊപ്പം ഗൾഫ് രാജ്യങ്ങളെല്ലാം തന്നെ കോവിഡ് പൂർണമായും ഒഴിയാത്തപ്പോള്‍ തന്നെ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയിലടക്കം കോവിഡ‍് വ്യാപിച്ച സമയത്ത് തന്നെ അത് ഗൾഫ് രാജ്യങ്ങളിലുമെത്തി. ചൈനയിൽ നിന്ന് വന്ന ഒരു ചൈനീസ് കുടുംബത്തിനാണ് യുഎഇയിൽ ആദ്യം രോഗബാധയുണ്ടായത്. സൗദിയിലും മറ്റു ചില ഗൾഫ് രാജ്യങ്ങളിലും ഇറാനിൽ നിന്ന് വന്നവരിൽ നിന്നാണ് വൈറസ് പടർന്നതെന്ന് റിപോർട്ടുകളുണ്ടായിരുന്നു.

എന്നാൽ കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങളിലൂടെ ഗൾഫ് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ അബുദാബിയെ പോലെ സൗദിയിലെ ജിദ്ദയിലും വീണ്ടും കർശന നിയന്ത്രണമേർപ്പെടുത്തി.

ഗൾഫിൽ അടച്ചിട്ടിരുന്ന വിമാനത്താവളങ്ങളിൽ പലതും ഭാഗികമായി തുറന്നു. ഇന്ത്യയിലേയ്ക്കടക്കം ആളുകളെ ഒഴിപ്പിച്ചുകൊണ്ടുപോകുന്ന പ്രത്യേക വിമാനങ്ങൾ സർവീസ് ആരംഭിച്ചു. വൈകാതെ സാധാരണ യാത്രാ വിമാനങ്ങൾ സർവീസാരംഭിക്കുമെന്നാണ് പ്രതീക്ഷ. ഗൾഫിലെ പാതകളിൽ വീണ്ടും വാഹനത്തിരക്ക് കൂടിയിട്ടുണ്ട്. ദുബായിലെ ചില പ്രധാന റോഡുകളിൽ രാവിലെയും വൈകിട്ടും ഗതാഗത സ്തംഭനം പോലുമുണ്ടാകുന്നു.

എന്നാൽ, സ്വകാര്യ കമ്പനി ഒാഫീസുകളിൽ സാമൂഹിക അകലം പാലിക്കൽ നിർബന്ധമാണ്. ഗൾഫിലെ കടകമ്പോളങ്ങൾ കർശന നിബന്ധനകളോടെ തുറന്നെങ്കിലും ഉപഭോക്താക്കൾ എത്തുന്നത് കുറവാണ്. സൂപ്പർ–ഹൈപ്പര്‍ മാർക്കറ്റുകൾക്ക് നേരത്തെയും പ്രവർത്തനാനുമതിയുണ്ടായിരുന്നു. റസ്റ്ററന്റുകളിൽ നിശ്ചിത അകലം പാലിച്ചാണ് തീൻമേശകൾ ഒരുക്കിയിരിക്കുന്നത്. പക്ഷേ, ഇവിടെയും കൂടുതൽ പാർസലുകൾ വാങ്ങാനാണ് ആളുകളെത്തുന്നത്. ബാർബർ ഷോപ്പുകൾ തുറന്നെങ്കിലും വളരെ അത്യാവശ്യക്കാർ മാത്രമേ എത്തുന്നുള്ളൂ.

സൗദിയിൽ കോവിഡിനെ തുറന്ന് രണ്ട് മാസത്തോളം അടച്ച മുസ്‌ലിം പള്ളികൾ കഴിഞ്ഞ ദിവസം തുറന്നുകൊടുത്തു. എന്നാൽ, നിശ്ചിത സാമൂഹിക അകലം പാലിക്കണമെന്ന നിയമം ബാധകമാണ്. ബഹ്റൈനിലും വിദ്യാലയങ്ങൾ സെപ്റ്റർ 16ന് തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പള്ളികളിൽ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം ഇൗ മാസം അ‍ഞ്ചിന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും വീണ്ടും അനിശ്ചിതമായി നീട്ടി. ആശുപത്രികളിൽ പലതും കോവി‍ഡ് രോഗികളെ ചികിത്സിക്കാനായി മാറ്റിയതാണ്. ക്ലിനിക്കുകളിൽ ദന്ത ചികിത്സ ഒഴികെയുള്ള പരിശോധനകൾ നടക്കുന്നു. ദന്ത ചികിത്സയും വൈകാതെ തുടങ്ങുമെന്ന കാത്തിരിപ്പിലാണ് മലയാളികളടക്കമുള്ള ഡോക്ടർമാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.