സ്വന്തം ലേഖകൻ: ദിവസങ്ങളായി ഇന്ത്യ ചൈന അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിന് അയവ്. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ ചൈനീസ് സൈനികർ പിന്നോട്ടു നീങ്ങി. ഇവിടേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് സേനാംഗങ്ങൾ രണ്ടര കിലോമീറ്റർ പിന്നോട്ടു നീങ്ങിയതായി സേനാ വൃത്തങ്ങൾ പറഞ്ഞു.
സമാനമായി ഇന്ത്യയും ഏതാനും മേഖലകളിൽ നിന്ന് സേനയെ പിൻവലിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാ കമാൻഡർമാരുടെ കൂടിക്കാഴ്ചയിലുണ്ടാക്കിയ ധാരണയനുസരിച്ചാണിത്. ബുധനാഴ്ച ഇരു ഭാഗത്തെയും ഉന്നത സേനാ കമാൻഡർമാർ തമ്മിൽ ചർച്ച നടത്തും.
ചൈന സൈനികരുടെ എണ്ണം ഗണ്യമായി പിൻവലിച്ചെങ്കിലും കൃത്യമായ കണക്കുകൾ വ്യക്തമല്ലെന്ന് വൃത്തങ്ങൾ പറയുന്നു. 20 ലോറി സൈനികരെങ്കിലും പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ.
“അവരാണ് ആദ്യം വന്നത് , തിരിച്ച് പോകേണ്ടതും അവർതന്നെയാണ്,” ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം പാംഗോങ് ട്സോ തടാകത്തിന്റെ വടക്കൻ തീരത്ത് ഇരു സേനകളും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുകയാണ്. ഇവിടെ സംഘർഷം തുടരുന്നു. പ്രശ്ന പരിഹാരത്തിനായി വരും ദിവസങ്ങളിൽ നയതന്ത്ര, സേനാ തലങ്ങളിൽ ചർച്ചകൾ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല