സ്വന്തം ലേഖകൻ: ഒമാന്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പിരിച്ചുവിടല്‍ നോട്ടീസ്. നഴ്സ്, അസി.ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സെപ്തംബര്‍ വരെയാണ് തൊഴില്‍ കാലാവധി അനുവദിച്ചിരിക്കുന്നത്.
മസ്കത്ത്, സുഹാര്‍, ബുറൈമി, നിസ്വ തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഹെല്‍ത്ത് സെന്ററുകളിലും ആശുപത്രികളിലും മറ്റുമായി തൊഴിലെടുക്കുന്നവര്‍ക്ക് കഴിഞ്ഞ ആഴ്ചകളിലാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. കോവിഡ് പ്രതിസന്ധികള്‍ക്കിടെ തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം കൂടി വരുന്നതോടെ മലയാളികള്‍ ഉള്‍പ്പടെ ആരോഗ്യ മേഖലയിലെ വിദേശികള്‍ക്ക് വലിയ തിരിച്ചടിയാകും.
സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ നിര്‍ദേശിച്ച് ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി ദിവസങ്ങള്‍ക്കിടെയാണ് ആരോഗ്യ മേഖലയിലെ പിരിച്ചുവിടല്‍ നടപടി. മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വിദേശികളാണ് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാജ്യത്ത് ജോലി ചെയ്യുന്നത്.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷവും ആരോഗ്യ മേഖലയില്‍ വലിയ തോതില്‍ വിദേശികളെ പിരിച്ചുവിട്ടിരുന്നു. ഫാര്‍മസിസ്റ്റ് തസ്തികയില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രാലയം 2018ല്‍ അറിയിച്ചിരുന്നു. അവശേഷിക്കുന്നവര്‍ക്കും സമീപ ഭാവിയില്‍ പിരിച്ചുവിടല്‍ നോട്ടീസ് ലഭിക്കാനിടയുണ്ടെന്നാണ് സൂചന.
നേരത്തെ ആരോഗ്യ മന്ത്രാലയത്തിലായിരുന്നു ഏറ്റവും കൂടുതല്‍ വിദേശി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. ഡോക്ടര്‍, നഴ്സ്, അസി. ഫാര്‍മസിസ്റ്റ്, ദന്തരോഗ വിഭാഗം, എക്സ്റേ തുടങ്ങിയ വിഭാഗങ്ങളിലും സ്വദേശിവത്കരണം ശക്തിപ്പെടുത്തിയതിനെ തുടർന്ന് നിരവധി പ്രവാസികള്‍ക്ക് ഇതിനോടകം തൊഴില്‍ നഷ്ടപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല