സ്വന്തം ലേഖകൻ: വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന് രൂക്ഷ വിമർശനം. പ്രതിഷേധം ശക്തമായതോടെ നിലപാട് തിരുത്തി സർക്കാർ. ഉത്തരവിനെ തുടർന്ന് പ്രവാസികളിൽ നിന്നുൾപ്പെടെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം പരിഷ്കരിക്കുന്നത്. വിമാനയാത്രയ്ക്ക് മുമ്പ് ആന്റി ബോഡി പരിശോധന നടത്തിയാൽ മതിയെന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.
തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം വ്യാപകമായതിനോടൊപ്പം പ്രതിപക്ഷവും സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശം അപ്രായോഗികമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു.രാജ്യത്ത് ഒരു സംസ്ഥാനവും ഇത്തരം ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സ്വന്തം നാട്ടുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയായി ഇത് മാറുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപെട്ടു.
20–ാം തീയതി മുതൽ ഗൾഫിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് നെഗറ്റീവ് ആണെന്ന പരിശോധനാ ഫലമുള്ളവർക്ക് മാത്രം യാത്രാനുമതിയെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവ് വ്യക്തമാക്കുന്നത്.
വന്ദേ ഭാരത് വിമാനയാത്രക്കാർക്ക് പോലും കൊവിഡ് പരിശോധന നടത്താത്ത സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങൾക്ക് പരിശോധനാഫലം നിർബന്ധമാക്കിയതിനെതിരെയാണ് പ്രതിഷേധം. കൊവിഡ് പരിശോധനയ്ക്ക് ഗൾഫിൽ സാമ്പത്തിക ചെലവും കാലതാമസവും നേരിടുന്ന സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കണം എന്നായിരുന്നു ആവശ്യം.
സൌദിയില്‍ കൊവിഡ് പരിശോധനാ ഫലം ലഭിക്കാൻ രണ്ടു മുതല്‍ എട്ടു ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധന ഫലം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് പ്രായോഗികമല്ല. യുഎഇയിൽ 7,000 രൂപയോളമാണ് കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത്. ഈ സാഹചര്യങ്ങൾ മനസ്സിലാക്കി ഉത്തരവ് പിൻവലിക്കണമെന്ന് വിവിധ പ്രവാസി സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല