ജെയ്സൺ ജോർജ്: ഒരു കാലത്തിന്റെ ഓർമ്മയാണ്, നഷ്ടപ്രണയത്തിന്റെ മധുര ശബ്ദമാണ്, മണ്ണിനോടും പുഴയോടുമുള്ള സ്നേഹത്തിന്റെ, ആഴത്തിന്റെ വാക്കാണ് “ഓ എൻ വി” എന്ന മൂന്നക്ഷരങ്ങൾ. ഓർമ്മകളിൽ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ ഒരു യാത്ര.
“ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന
തിരു മുറ്റത്തെത്തുവാൻ മോഹം”
ഏഴു പതിറ്റാണ്ടു കാലമായി ഭാഷ ഒരു വിസ്മയവും, സ്ഫുടം ചെയ്തെടുത്ത ഭാവ സാന്ദ്രതകൾ സംവദിക്കുന്ന ഒരു മഹാത്ഭുതവുമാണെന്നു തെളിയിച്ചു കൊണ്ടിരുന്ന ഒരേയൊരു കാമുകനേ മലയാള ഭാഷക്കുണ്ടായിരുന്നുള്ളു. ആ മഹാനുഭാവന്റെ നഷ്ടത്തിന്റെ നാല് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. അദ്ദേഹത്തിന്റെ എൺപത്തി ഒൻപതാം ജൻമ്മദിനമായിരുന്നു കഴിഞ്ഞ മെയ് ഇരുപത്തി ഏഴാം തിയതി.
കലാഭവൻ ലണ്ടന്റെ ഫേസ്ബുക് ലൈവ് ക്യാമ്പയിനായ വീ ഷാൽ ഓവർ കം (WE SHALL OVERCOME )ലൂടെ അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ഓ എൻ വി കുറുപ്പിന്റെ കുടുംബാംഗങ്ങളും മുഖ്യ അതിഥിയായി ഭാവ സാന്ദ്ര ഗായകൻ G വേണുഗോപാലും ഒപ്പം യുകെയിലെ തിരഞ്ഞെടുക്കപ്പെട്ട ഗായകരും ഒന്നു ചേരുന്നു. ജൂൺ പതിനാലാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് മഹാനായ കവിയുടെ സ്മരണകളിലൂടെ “സ്മൃതികളിലെന്നും ഓ എൻ വി”എന്ന ലൈവ് പരിപാടി അവതരിപ്പിക്കുന്നു.
ഓ എൻ വി കുറുപ്പിന്റെ മകനും ഗായകനുമായ രാജീവ് ONV യും കൊച്ചുമകളും മികച്ച നർത്തകിയും യുകെയിൽ താമസിക്കുന്ന ആമി ജയകൃഷ്ണനും ചേർന്നവതരിപ്പിക്കുന്ന ഈ ലൈവ് പരിപാടിയിൽ അദ്ദേഹത്തിന്റെ കുടുംബങ്ങളായ ഗായിക അപർണ രാജീവ് , DR മായാദേവി കുറുപ്പ്, Dr ജയകൃഷ്ണൻ, Dr പ്രണവ്, സുമിത ജയകൃഷ്ണൻ എന്നിവരോടൊപ്പം മലയാളത്തിന്റെ ഭാവ സാന്ദ്ര ഗായകൻ ശ്രീ G വേണുഗോപാൽ മുഖ്യ അതിഥിയായി എത്തുന്നു.
ഈ പരിപാടിയിൽ ഓഎൻവി യെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം രചിച്ച ഗാനങ്ങൾ യുകെയിലെ അറിയപ്പെടുന്ന ഗായകരായ Dr സേതു വാര്യർ, രാജേഷ് രാമൻ, സ്മൃതി സതീഷ്, Dr കിഷോർ വാര്യർ, അലീന സജീഷ് തുടങ്ങിയർ ആലപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല