സാഹസിക യാത്രക്കാരേയും ആഡംബര പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ യൂട്ടിലിറ്റി വാഹനമായ മഹീന്ദ്ര ഓഫ് റോഡര്‍ താര് കേരളത്തില്‍ നിരത്തിലിറങ്ങി. ഗ്രാമീണ റോഡുകളില്‍ ടാക്സി സര്‍വീസ് നടത്താനും ഇത് ഉപയോഗിക്കാം.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കമ്പനി ജനറല്‍ മാനേജര്‍മാരായ സുനില്‍ ലൊഹാനി (സെയില്‍സ്), ബെഹ്റാം ധാഭര് (വാഹന വികസനം) എന്നിവരും ബ്രാന്‍ഡ് മാനേജര്‍ (പിക്കപ്പ്) പ്രദീപ് എസ്. പലാസലയും ചേര്‍ന്നാണ് പുതിയ വാഹനം പുറത്തിറക്കിയത്.
കാഴ്ചയിലും കരുത്തിലും വേറിട്ടുനില്‍ക്കുന്ന ഈ വാഹനത്തിന് ഇന്ധനക്ഷമതയും കൂടുതലാണ്. ഏഴുപേര്‍ക്കാണ് കാബിന് സീറ്റുള്ളത്. കാബിനില്‍ എസി ഘടിപ്പിക്കാനും സൗകര്യമുണ്ട്. പിന്നിലെ രണ്ട് പേരുടെ ബെഞ്ച് മടക്കിയാല്‍ ലഗേജിന് അത്രയും കൂടി സ്ഥലം ലഭിക്കും. ഡീസലില്‍ 16 മുതല്‍ 18 കിലോമീറ്റര്‍ വരെയാണ് മൈലേജ്. പരമാവധി 150 കിലോമീറ്റര്‍ വേഗം ലഭിക്കും.
ബിഎസ്-4 മലിനീകരണ നിബന്ധനകള്‍ പാലിക്കുന്ന സിആര്‍ഡിഇ എഞ്ചിനോടുകൂടിയ താറിന് 6.11 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്സ്ഷോറൂം വില. ഡിഐ എഞ്ചിനുള്ള ബിഎസ്-3 വേരിയന്റിന് 4.33 ലക്ഷം രൂപയും. ബിഎസ്-4നൊപ്പം പവര്‍ സ്റ്റിയറിങ് ലഭ്യമാണ്. ഡിഐ എഞ്ചിനാണ് അടിസ്ഥാന മോഡല്‍. ഈ മോഡലില്‍ ടൂവീല്‍, ഫോര്‍ വീല്‍ ഡ്രൈവുകള്‍ ഗ്രാമീണ മേഖലയ്ക്കായി പുറത്തിറക്കിയിട്ടുണ്ട്.
ദുര്‍ഘടമായ വഴികളിലൂടെയും വെള്ളക്കെട്ടുകളിലൂടെയും ഓടിച്ചുകൊണ്ടുപോവാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ടര്‍ബോ ചാര്‍ജ്ചെയ്ത എഞ്ചിനും സ്റ്റീല്‍ ബോഡിയും സ്റ്റീല്‍ ബമ്പറും ഇതിന്റെ ദൃഢതയ്ക്ക് മാറ്റുകൂട്ടുന്നു. മഹീന്ദ്രയുടെ സിജെ 340, എംഎം 540, ക്ലാസിക്, ലജന്റ് എന്നീ മോഡലുകളുടെ പ്രത്യേകതകള്‍ ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്.
താറിന്റെ മാന്വല്‍ 4×4 സിആര്‍ഡിഇ എഞ്ചിന് 105 ബിഎച്ച്പി കരുത്ത് നല്‍കും. ഇതിന്റെ ഡ്രൈവ് ബൈ വയര്‍ സാങ്കേതികത ഗിയര്മാറ്റവും വേഗമാര്ജിക്കലും എളുപ്പമാക്കുന്നു. എഞ്ചിന്റെ കരുത്ത് സംരക്ഷിക്കുന്നതും ഡ്രൈവിങ് കൂടുതല്‍ സുരക്ഷിതവും അനായാസമാക്കുന്നതുമാണ് ലാഡര്‍ ഫ്രെയിം ചേസിസ്. ഏതുതരം റോഡിനും അനുയോജ്യമായ വിധമാണ് സസ്പെന്‍ഷനും ലീഫ് സ്പ്രിങ്ങും രൂപകല്പന ചെയ്തിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല