സ്വന്തം ലേഖകൻ: ഗൾഫ് രാജ്യങ്ങളിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് നാല് പേർ മലയാളികൾ. രണ്ട് കണ്ണൂർ സ്വദേശികളും കോഴിക്കോട് , കൊല്ലം സ്വദേശികളുമാണ് മരിച്ചത്. ഇതോടെ ഗൾഫ് മേഖലയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 253 ആയി.
മരിച്ച കണ്ണൂർ പാപ്പിനിശ്ശേരി അരോളി സ്വദേശി പ്രേമൻ, കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി സുനിൽ പി എന്നിവർ ദമാമിലായിരുന്നു. കോഴിക്കോട് കൊടുവള്ളി പാലകുറ്റി മരുതുങ്കൽ മുഹമ്മദ് ഷൈജൽ റിയാദിലും .കണ്ണൂർ ഏഴോം സ്വദേശി എം പി രാജൻ ബഹ്റിനിലുമാണ് മരിച്ചത്.
തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹന ദാസന്‍, മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്തന്‍ എന്നിവരും ദമാമിൽ കഴിഞ്ഞ ദിവസം മരിച്ചു. ഇവർ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്നു.
മലപ്പുറം പാണ്ടിക്കാട് മുടിക്കോട് സ്വദേശി മദാരി പുതുവീട്ടിൽ അബ്ദുൽ കരീം മക്കയില്‍ മരിച്ചു. 60 വയസ്സായിരുന്നു. മക്കയിലെ നൂർ ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. 15 ദിവസത്തോളമായി നൂർ ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു.
യുഎഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നൂറ് പേരാണ് മരിച്ചത്. സൗദിയിൽ 89 മലയാളികൾ വൈറസ് ബാധയേറ്റ് മരിച്ചു. കുവൈറ്റിൽ 42 മലയാളികളാണ് മരിച്ചത്. ഖത്തർ ഒമാൻ എന്നിവിടങ്ങളിൽ ഒൻപത് പേർ വീതവും ബഹ്റിനിൽ ഇതുവരെ നാല് മലയാളികളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല