സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങി ഒമാന്‍. ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളില്‍ സ്വദേശികളെ മാത്രമാക്കി പരിമിതപ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രി ഡോ അഹമദ് അല്‍ ഫുതൈസി അറിയിച്ചു. സുപ്രീം കമ്മറ്റിയുടെ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
റസ്റ്റോറന്റുകളിലും കടകളിലുമാണ് ഓണ്‍ലൈന്‍ ഡെലിവറി മേഖല സ്വദേശിവത്കരിക്കാന്‍ തീരുമാനമെടുത്തത്. പ്രവാസികള്‍ക്കിടയില്‍ കൊവിഡ് 19 വ്യാപിക്കുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികളാണ് ഓണ്‍ലൈന്‍ ഡെലിവറി മേഖലയില്‍ ജോലി ചെയ്യുന്നത്. ഉത്തരവ് നിലവില്‍ വരുന്നതോടെ ഇവര്‍ക്ക് ജോലി നഷ്ടമാകും.
അതിനിടെ ഒമാനിൽ 3 മാസമായി അടഞ്ഞുകിടന്ന മാളുകളടക്കമുള്ള കൂടുതൽ വാണിജ്യ-വ്യാപാര സ്ഥാപനങ്ങൾ തുറന്നു. മത്ര, സുഹാർ, സുവൈഖ്, സീബ്, ഖുറിയാത്ത്, ഇബ്രി, അൽ അശ്കറ എന്നിവിടങ്ങളിലെ മത്സ്യ മാർക്കറ്റുകളും തുറന്നു. എന്നാൽ ഹംറിയയുടെ ചില ഭാഗങ്ങൾ, വാദി കബീർ വ്യവസായ മേഖല എന്നിവിടങ്ങളെ ഒഴിവാക്കി. ആദ്യ ഘട്ടത്തിൽ 63 വിഭാഗങ്ങളിലെയും രണ്ടാംഘട്ടത്തിൽ 54 വിഭാഗങ്ങളിലെയും സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയിരുന്നു.
വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് ഓഫിസ്, ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകൾ, ഡ്രൈവിങ് സ്കൂളുകൾ, മീഡിയ- പരസ്യ കമ്പനികൾ, ലോൺഡ്രി, തയ്യൽക്കടകൾ, ക്ലീനിങ് കമ്പനികൾ, എസി-വാഷിങ് മെഷീൻ സർവീസ് സ്ഥാപനങ്ങൾ, ക്യാമറ, സിസിടിവി കടകൾ എന്നിവയ്ക്കാണ് പുതുതായി പ്രവർത്തനാനുമതി ലഭിച്ചത്.
ഒമാനിൽ കൊവിഡ് ബാധിച്ച് 2 മലയാളികൾ മരിച്ചു
ഒമാനിൽ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പാറോലില്‍ മാത്യൂ ഫിലിപ്പ് എന്ന സണ്ണി (70), പാലക്കാട് തിരുവല്ലാമല പഴമ്പാലക്കോട് തോട്ടത്തില്‍ വീട്ടില്‍ ശശിധരന് (58) എന്നിവരാണ് മരിച്ചത്. ഇതോടെ ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 11 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല