1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2011

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റിന്റെ അനായാസ ജയം. മഴയെത്തുടര്‍ന്ന് 23 ഓവറാക്കി ചുരുക്കിയ കളിയില്‍ ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്.

അലിസ്റ്റര്‍ കുക്കിന്റേയും (63 പന്തില്‍ 80) ക്രെയ്ഗ് കാസ്‌വെറ്ററുടെയും (31 പന്തില്‍ 46) മിന്നല്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. മൂന്നാം ഏകദിനം വെള്ളിയാഴ്ച ഓവലില്‍ നടക്കും. അധര്‍സെഞ്ച്വറി നേടിയ യുവതാരം അജന്ത്യ രഹാനയുടെയും (54), സുരേഷ് റെയ്‌നയുടെയും (40) മികച്ച പ്രകടനമാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ ഒരുക്കിയത്.

ഓപ്പണറായി ഇറങ്ങിയ പാര്‍ഥിവ് പട്ടേല്‍ രണ്ടാം കളിയിലും ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ടിം ബ്രസ്‌നന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും നേടി 16 റണ്‍സാണ് പാര്‍ഥിവ് കണ്ടെത്തിയത്. 18 പന്തില്‍ 28 റണ്‍സ് നേടിയ പാര്‍ഥിവിനെ ആന്‍ഡേഴ്‌സന്റെ ബൗളിങ്ങില്‍ കിസ്‌വെറ്റര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ദ്രാവിഡും (32), രഹാനെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചു.

ദ്രാവിഡ് പുറത്തായതിനു ശേഷം എത്തിയ കോലി സ്വാനിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ പുറത്തായത് ഇന്ത്യയ്ക്ക് ആശങ്ക നല്‍കി. എന്നാല്‍ പിന്നീടെത്തിയ സുരേഷ് റെയ്‌ന ഇംഗ്ലീഷ് ബൗളര്‍മാരെ കടന്നാക്രമിച്ച് സ്‌കോര്‍ ഉയര്‍ത്തി. 19 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും നേടിയാണ് റെയ്‌ന 40 റണ്‍സ് നേടിയത്. 47 പന്തില്‍ ഒരു സിക്‌സിന്റെയും അഞ്ച് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു രഹാനയുടെ ഇന്നിങ്‌സ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റ് മടങ്ങിയ രോഹിത് ശര്‍മയ്ക്കു പകരം മനോജ് തിവാരിയാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.