ഒരു പാവ ഉണ്ടാക്കിയ കേസാണ് അറുപതുകാരിയെ കോടതി കയറ്റിയിരിക്കുന്നത്, അയല്‍വക്കക്കാര്‍ തമ്മിലുള്ള വഴക്കിനിടെ കറുത്ത വര്‍ഗക്കാരിയായ തന്റെ അയല്‍ക്കാരിയെ കളിയാക്കാന്‍ ജനലരികില്‍ പാവയെ വച്ചതാണ് വൃദ്ധയുടെ അറസ്റ്റില്‍ കലാശിച്ചത്. റോസ്‌മേരി ഒ ഡോണെല്‍ എന്ന കറുത്തവര്‍ഗ്ഗക്കാരിയുടെ പരാതിപ്രകാരം ജെന മാസണ്‍ എന്ന അറുപതുകാരിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബ്രിട്ടീഷ് ഗ്രാമമായ വെര്‍ലിംഗ്ഹാമിലാണ് സംഭവം.
നാല്‍പ്പത്തിയെട്ടുകാരിയായ റോസ്‌മേരിയും വെളുത്തവര്‍ഗ്ഗക്കാരനായ ഭര്‍ത്താവ് സ്റ്റീവും അവരുടെ സങ്കരവര്‍ഗത്തില്‍പെട്ട മക്കളും താമസിക്കുന്ന വീടിന് നേരെയുള്ള ജനലില്‍ കറുത്തവര്‍ഗ്ഗക്കാരെ അധിക്ഷേപിക്കുന്ന കുരങ്ങിന്റെ രൂപമുള്ള പാവയെ വച്ചതാണ് ജെനയ്ക്ക് പാരയായത്. വീട്ടില്‍ കുതിരയെ വളര്‍ത്തുന്നതു സംബന്ധിച്ച തര്‍ക്കം ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു. ജെനയുടെ വീട്ടില്‍ ഒരു കുതിരലായം പണിയാന്‍ മരുമകന്‍ ശ്രമിച്ചെങ്കിലും മാലിന്യ പ്രശ്‌നം ചൂണ്ടിക്കാട്ടി റോസ്‌മേരിയും കുടുംബവും ഇത് തടയുകയായിരുന്നു. കൂടാതെ ജെനയുടെ നായ എല്ലായിപ്പോഴും തങ്ങളുടെ കോമ്പൗണ്ടില്‍ കയറുന്നതായും അവര്‍ക്ക് പരാതിയുണ്ടായിരുന്നു. അതിനാല്‍ രണ്ട് വീടുകള്‍ക്കുമിടയില്‍ മതില്‍ പണിയണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ജെനയും കുടുംബവും അതും അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പാവ രംഗത്തെത്തുന്നത്.
ജെനയുടെ വീടിന്റെ താഴത്തെ നിലയില്‍ ജനലില്‍ വച്ച രീതിയിലായിരുന്നു പാവ. റോസ്‌മേരി തെളിവിനായി ഇതിന്റെ ചിത്രങ്ങള്‍ പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. തന്നെ ആ കാഴ്ച വല്ലാതെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്ന് ജമൈക്കന്‍ വംശജയായ റോസ്‌മേരി പരാതിയില്‍ പറയുന്നു. വംശീയ അധികേഷപത്തിനാണ് ജെനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ അത് തന്റെ പേരക്കുട്ടിയുടെ പാവയാണെന്നും മനപ്പൂര്‍വം ജനലരികില്‍ വച്ചതല്ലെന്നുമാണ് ജെനയുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല