സ്വന്തം ലേഖകൻ: യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ച ആദ്യദിവസമായ ഇന്നലെ കോഴിക്കോട്ടുനിന്ന് 3 വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി. പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ, സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിലാണ് പ്രവാസികളെ കൊണ്ടുപോകുന്നത്.
വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ പ്രവാസികളെ കൊണ്ടുവരുന്നതിനായി കരിപ്പൂരിൽനിന്നു ദുബായിലേക്കു പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 25 പേർ ദുബായിലേക്കു പോയി. ഈ വിമാനത്തിൽ 5.4 ടൺ പഴങ്ങളും പച്ചക്കറിയും കയറ്റിയയച്ചു. വൈകിട്ട് 3.33നു റാസൽ ഖൈമയിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിൽ 125 പേർ യാത്രതിരിച്ചു.
ദുബായ് കേന്ദ്രമായുള്ള ഫ്ലൈ ദുബായ് വിമാനം പ്രവാസികളുമായി കരിപ്പൂരിലെത്തി മടങ്ങുമ്പോൾ യാത്രക്കാരെ കൊണ്ടുപോകുന്നതിന് ഇന്നലെ മുതൽ അനുമതിയായി. ഈ വിമാനത്തിൽ വൈകിട്ട് വരെ ടിക്കറ്റ് ബുക്ക് ചെയ്തത് ഒരാൾ മാത്രമായിരുന്നു. ഇന്നലെ മുതൽ 27 വരെയാണ് ഫ്ലൈ ദുബായ് വിമാനത്തിന് സർവീസ് അനുവദിച്ചിട്ടുള്ളത്.
ഇന്ത്യയിലുള്ള യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ ഇന്ത്യക്കാർ. വന്ദേഭാരത് മിഷൻ വിമാനങ്ങളിലും ചാർട്ടേഡ് വിമാനങ്ങളിലുമായാണ് അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ എത്തിയത്. ഓരോ വിമാനങ്ങളിലും 15 മുതൽ 20 യാത്രക്കാർ മാത്രം.
യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെയും ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെയും അനുമതി ലഭിക്കാത്തതിനാലാണ് വീസയുള്ള പലർക്കും തിരിച്ചെത്താൻ കഴിയാത്തതെന്ന് യാത്രക്കാർ പറഞ്ഞു. കൂടാതെ അംഗീകൃത കേന്ദ്രങ്ങളിൽനിന്നല്ലാത്ത പിസിആർ ടെസ്റ്റുമായി എത്തിയവർക്കും യുഎഇയിലേക്കു വരാനായില്ല. ട്രൂനാറ്റ് ഉൾപെടെ ഇതര കൊവിഡ് പരിശോധനാ ഫലവുമായി എത്തിയവർക്കും യാത്രാനുമതി ലഭിച്ചില്ല.
ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി (ഐസിഎ) അനുമതി കിട്ടാതെ ടിക്കറ്റെടുത്ത് അബുദാബിയിലേക്കു വരാനായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ 4 പേരെ മടക്കി അയച്ചു. വെബ്സൈറ്റിൽ റജിസ്ട്രേഷൻ നടത്തിയപ്പോൾ കിട്ടിയ കൺഫർമേഷൻ അനുമതിയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇവർ ടിക്കറ്റെടുത്ത് എയർപോർട്ടിലെത്തിയത്.
രജിസ്ട്രേഷൻ നടത്തിയ ഉടൻ ലഭിക്കുന്ന കൺഫർമേഷൻ യാത്രാനുമതിയല്ല. അപേക്ഷ അധികൃതർ വിലയിരുത്തുകയും അംഗീകരിക്കുകയും ചെയ്താൽ 2 ദിവസത്തിനകം അംഗീകരിച്ചതായി അറിയിപ്പ് ലഭിക്കും.
ദുബായ് വീസയിലുള്ളവർ ജനറൽ റസിഡൻസി ഓഫ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) https://www.gdrfad.gov.ae വെബ്സൈറ്റിലാണ് റജിസ്റ്റർ ചെയ്ത് അനുമതി എടുക്കേണ്ടത്. ഈ അനുമതി വച്ച് അബുദാബിയിലേക്കു യാത്ര ചെയ്യാനാകില്ല. ദുബായിലേക്കുള്ള വിമാനത്തിൽ വരുന്നതായിരിക്കും ഉചിതം.
മറ്റ് എമിറേറ്റിലുള്ളവർ ഫെഡറൽ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയുടെ (ഐസിഎ) വെബ്സൈറ്റിലാണ് (https://www.ica.gov.ae) റജിസ്റ്റർ ചെയ്യേണ്ടത്. ഐസിഎ–ജിഡിആർഎഫ്എ അനുമതിക്ക് 21 ദിവസത്തെ കാലാവധിയുള്ളതിനാൽ യാത്രാനുമതി കിട്ടിയ ശേഷം മാത്രം കൊവിഡ് ടെസ്റ്റും വിമാന ടിക്കറ്റും എടുത്താൽ മതിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല